ആലപ്പുഴ: ആലപ്പുഴയിലെ രണ്‍ജീത് വധക്കേസില്‍ കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പോലീസ് സഹായം നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പോലീസിന്റെ അറിവോടെയാണ് എസ്ഡിപിഐയുടെ പ്രതികള്‍ കേരളം വിട്ടതെന്ന് കെ സുരേന്ദ്രന് കുറ്റപ്പെടുത്തി. ‘രണ്‍ജീത് കൊല്ലപ്പെട്ട് രണ്ട് ദിവസം പോലീസ് അനങ്ങിയില്ല. പ്രതികള്‍ക്കായി നാഷണല്‍ ഹൈവേയിലും സംസ്ഥാന ഹൈവേയിലും പരിശോധനയുണ്ടാകുമെന്ന് പോലീസിന്റെ ഭാഗത്ത് നിന്ന് പ്രതികള്‍ക്ക് വിവരം നല്കി.
പോലീസ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എല്ലാ സഹായവും നല്കി. ആലപ്പുഴയില്‍ നടക്കുന്നത് ഏകപക്ഷീയമായ അന്വേഷണമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു കേന്ദ്രത്തിലും പരിശോധന നടത്താന്‍ പോലും പോലീസ് തയ്യാറായില്ല. ആലപ്പുഴ സംഭവത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. അമ്പലപ്പുഴ എംഎല്‍എയുടെ സഹായവും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ലഭിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന് ആരോപിച്ചു.
അതേസമയം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വധക്കേസില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് എഡിജി പി വിജയ് സാഖറെ അറിയിച്ചു. മറ്റു പ്രതികളെ ഉടന്‍ പിടികൂടാമെന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. കേസില്‍ ഇതുവരെ അറസ്റ്റിലായത് 13 പ്രതികളാണെന്നും എ ഡി ജി പി വ്യക്തമാക്കി.