കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയ കലാപശ്രമത്തിന്റെ പശ്ചാത്തലത്തില്‍ മയക്കുമരുന്ന് റാക്കറ്റുകളെയും തീവ്രവാദികളെയും കണ്ടെത്താന്‍ നടപടി വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. തീവ്രവാദികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം എന്ന് വ്യക്തമാക്കിയ അദ്ദേഹം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളും സൗകര്യപൂര്‍വം ഇവിടെ ചേക്കേറിയിട്ടുണ്ടെന്ന വസ്തുത ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടി.
‘ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വിവിധസംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം ഇക്കാര്യത്തില്‍ ഉണ്ടാവണം. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് അടിയന്തിരമായി തയ്യാറാകണം. അന്യസംസ്ഥാന തൊഴിലാളികളെല്ലാവരും കുഴപ്പക്കാരും ക്രിമിനലുകളുമല്ല. മഹാഭൂരിപക്ഷം ആളുകളും നല്ലവരും ഉപജീവനത്തിനായി മാത്രം വന്നവരുമാണ്. തെറ്റുപറ്റിയത് സര്‍ക്കാരിനാണ്. ആളുകള്‍ ആരാണ് എന്താണ് അവരുടെ ഊരും പേരും ആരാണ് അവരെ ഇവിടെ എത്തിച്ചത് തുടങ്ങി ഒന്നിനും ഒരു കണക്കും ഇവിടെയില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കണം’, കെ സുരേന്ദ്രന് വ്യക്തമാക്കി.