പറവൂര്‍: വീടിനുള്ളില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്. പറവൂര്‍ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെണ്മക്കളില് ഒരാളാണ് മരിച്ചത്. ഒരാളെ കാണാനില്ല. ആരാണു മരിച്ചതെന്നു വ്യക്തമായിട്ടില്ല. സംഭവത്തില്‍ സഹോദരിയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പെണ്‍കുട്ടികളുടെ അമ്മ നല്കിയ മൊഴി പ്രകാരം മൂത്ത മകള്‍ വിസ്മയയാണ് മരിച്ചത്. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ലോക്കറ്റ് തിരിച്ചറിഞ്ഞാണ് അമ്മ മൊഴി നല്‍കിയത്. എന്നാല്‍ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ മരിച്ചത് ആരെന്ന കാര്യം വ്യക്തമാകൂ.
ഉച്ചയ്ക്ക് രണ്ടരയോടെ വീടിന് പുറത്ത് തീ കണ്ടുവെന്ന് അയല്‍വാസിയായ സ്ത്രീ പറയുന്നു. പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.