തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റത്തെ നേരിടുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എം മുകേഷ് എംഎല്‍എയുടെ സബ്മിഷനിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഷൂട്ടിംഗ് സ്ഥലത്ത് അക്രമം നടത്തുകയും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നതും ഫാസിസ്റ്റു മനോഭാവമാണ്. ഇത്തരം ക്രിമിനല്‍ നടപടി വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നു. എന്നാല്‍ കുറേക്കാലമായി അത്തരം സംഭവങ്ങള്‍ അന്യമാണ്. സ്വതന്ത്രമായി തൊഴിലെടുത്ത് ജീവിക്കാന്‍ സമ്മതിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയാള സിനിമയിലെ തൊഴില്‍ അന്തരീക്ഷം കലുഷിതമാകുന്നുവെന്നും സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്നുവെന്നും മുകേഷ് പറഞ്ഞു. നടന് ജോജു ജോര്‍ജിനെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നുവെന്നും പൃഥ്വിരാജ് ശ്രീനിവാസന് എന്നിവരുടെ ഷൂട്ടിംഗ് സെറ്റുകളിലേക്ക് മാര്‍ച്ച് നടന്നുവെന്നും അദ്ദേഹം പറഞ്ഞു.