CLOSE

സിനിമാ ചിത്രീകരണം തടസപ്പെടുത്തിയാല്‍ നടപടി; യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ വി ഡി സതീശന്‍

Share

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാനുള്ള സമരമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരം സിനിമാ വ്യവസായത്തിനെതിരല്ല. ഷൂട്ടിംഗ് സ്ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോണ്‍ഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് കെപിസിസി യോഗ തീരുമാനമാണ്. ഇത്തരം സമരം ചെയ്യാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയമായ ആക്ഷേപങ്ങള്‍ രാഷ്ട്രീയമായി നേരിടണം. അല്ലാതെ ഭീഷണിപ്പെടുത്തലും ജോലി തടസപ്പെടുത്തുകയുമല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമരം കോണ്‍ഗ്രസിന് ചേര്‍ന്ന രീതിയല്ല. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചാല്‍ നടപടി എടുക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സിനിമാ ചിത്രീകരണം നടത്തിയാല്‍ ഇടപെടുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജ് നായകനായ ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *