CLOSE

കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി രീതി സംസ്ഥാനത്തു വ്യാപകമാക്കും: മന്ത്രി പി. പ്രസാദ്

Share

സംസ്ഥാനത്ത് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി രീതി വ്യാപകമാക്കുമെന്നുംജനുവരി മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ്. സുരക്ഷിത ഭക്ഷണത്തിന്റെ ഉത്പാദനം ഉറപ്പുവരുത്തുന്നതിനായുള്ള ജൈവ കാര്‍ഷിക മിഷന് കൃഷി വകുപ്പ് ഈ വര്‍ഷം രൂപം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനായി മേഖലാ തലത്തിലുള്ള ആസൂത്രണത്തിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ഹരിതഗൃഹ വാതകങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി കാര്‍ബണ്‍ രഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തുകയുമാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. ഇതു മുന്‍നിര്‍ത്തിയാണു കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതിക്കു തുടക്കമിടുന്നത്. പരമ്പരാഗത കൃഷിരീതികള്‍ തിരികെക്കൊണ്ടുവന്നും അനാവശ്യ രാസവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കിയുമാകും ഇതു നടപ്പാക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൃഷി വകുപ്പിന്റെ ഓരോ ഫാമുകള്‍ തെരഞ്ഞെടുത്ത് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി രീതി നടപ്പാക്കും. ഇതു മാതൃകയായിക്കാണിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ പഞ്ചായത്ത് തെരഞ്ഞെടുത്ത് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി പ്രോത്സാഹിപ്പിക്കും. പഞ്ചായത്തുകളില്‍ ഇതുമായി ബന്ധപ്പെട്ട പ്രത്യേക ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി കേരളത്തില്‍ എന്ന വിഷയത്തില്‍ സംസ്ഥാന കൃഷി വകുപ്പ് ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. ദേശീയതലത്തിലുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ശില്‍പ്പശാല ഈ മേഖലയില്‍ രാജ്യത്തുതന്നെ ആദ്യത്തേതായിരുന്നു. ശില്‍പ്പശാലയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും കാര്‍ബണ്‍ രഹിത കേരളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തും. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കുറയ്ക്കുന്നതിനുള്ള കാര്‍ഷിക മുറകള്‍ കര്‍ഷകരെ പരിശീലിപ്പിക്കും. ഇക്കോളജിക്കല്‍ എന്‍ജിനിയറിങ്, പുതയിടല്‍, ഓര്‍ഗാനിക് കാര്‍ബണിന്റെ മണ്ണിലെ അളവ് വര്‍ധിപ്പിക്കല്‍, കാര്‍ബണ്‍ ആഗിരണം എന്നിവ ഇതില്‍ ഉള്‍പ്പെടും. മണ്ണിന്റെ ആരോഗ്യത്തിനു പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും.
കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക മേഖലയുടെ പുനഃസംഘാടനം ആവശ്യമാണെന്നു മന്ത്രി പറഞ്ഞു. ഓരോ മേഖലയിലും കൃഷി രീതികള്‍ വ്യത്യസ്തമാണ്. ഇതനുസരിച്ചുള്ള നടീല്‍ വസ്തുക്കളുടെ വിതരണം, പദ്ധതികള്‍ തുടങ്ങിയവയാകും ഈ വര്‍ഷം മുതല്‍ നടപ്പാക്കുക. നടീല്‍ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നഴ്‌സറി ആക്ടും പരിഗണനയിലുണ്ടെന്നു മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *