ചാലക്കുടി: മലക്കപ്പാറ യാത്രയ്ക്ക് കൗതുകമായി പത്തടിപ്പാലത്തിനടുത്ത ചണ്ടന്‍തോട് ഭാഗത്ത് പുലിക്കാഴ്ചയും. ഷോളയാര്‍ കഴിഞ്ഞെത്തുന്ന പ്രദേശമാണ് ചണ്ടന്‍തോട്.
റോഡരികില്‍ വെയില് കാഞ്ഞു കിടന്ന രണ്ടു പുലിക്കുട്ടികള്‍ തൊട്ടരികില്‍ വാഹനങ്ങളെത്തിയിട്ടും മാറിപ്പോകാന്‍ കൂട്ടാക്കിയില്ല. വാഹനത്തിലുണ്ടായിരുന്നവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയെങ്കിലും പുറത്തിറങ്ങാന്‍ ധൈര്യപ്പെട്ടില്ല. അമ്മപ്പുലി തൊട്ടരികില്‍ നില്പ്പുണ്ടാകുമെന്ന ഭയപ്പാടായിരുന്നു കാരണം. നായയുടെ വലിപ്പം മാത്രമുള്ള കുഞ്ഞുങ്ങള്‍ക്ക് ആറ് മാസം പ്രായമുണ്ടായേക്കുമെന്നാണ് നിഗമനം.
പുലികള്‍ ധാരാളമുള്ള മേഖലയാണെങ്കിലും ഇത്തരം കാഴ്ച ആദ്യത്തേതാണെന്ന് മലക്കപ്പാറ റോഡിലെ സ്ഥിരം യാത്രക്കാര്‍ പറയുന്നു.