തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഐരാണിമുട്ടം ചിറപ്പാലം സ്വദേശി സച്ചു എന്ന സച്ചിനാണ് (23) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ശക്തമാക്കി. ഹണിട്രാപ്പില്‍ യുവാവിനെ പെടുത്തുകയായിരുന്നെന്ന് സംശയമുണ്ട്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനാണ് നെടുമങ്ങാട് സ്വദേശിയായ യുവാവ് ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലെത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് പരിചയപ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് നിരന്തരം ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു.
കാറില്‍ ആറ്റുകാലെത്തിയ യുവാവിനെ സച്ചിന്‍ അടക്കമുള്ള അഞ്ചംഗസംഘം മര്‍ദിച്ചു. ഐരാണിമുട്ടം ഹോമിയോ കോളജിന് സമീപത്തെ ഗ്രൗണ്ടിലെത്തിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ മോതിരവും 16,000 രൂപയും വാഹനത്തിന്റെ രേഖകളും തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തെപ്പറ്റി പരാതിപ്പെട്ടാല്‍ ചാറ്റ് പുറത്തുവിടുമെന്നായിരുന്നു ഭീഷണി. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.