CLOSE

ടൂറിസം ജീവനക്കാര്‍ക്ക് 10,000 രൂപ വരെ പലിശരഹിത വായ്പ ലഭിക്കും

Share

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റിവോള്‍വിംഗ് ഫണ്ടിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 10,000 രൂപ വരെ ഈടും പലിശയും ഇല്ലാതെ വായ്പ നല്‍കുന്നതാണ് പദ്ധതി.

കോവിഡ് പ്രതിസന്ധി ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സാരമായി ബാധിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ഏറെ സഹായകമാകുന്നതായിരിക്കും ഈ വായ്പാ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഈ മാതൃകയില്‍ ഒരു റിവോള്‍വിംഗ് ഫണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടില്ല.

കാരവന്‍ ടൂറിസം പോലെ കൂടുതല്‍ നൂതന പദ്ധതികള്‍ ടൂറിസം വകുപ്പ് ആലോചിച്ചുവരികയാണ്. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള ടൂറിസം വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായി സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്ന് സിനിമാ ടൂറിസത്തിന്റെ സാധ്യതകള്‍ തേടും. ശ്രദ്ധേയങ്ങളായ മലയാള സിനിമകളുടെ ഷൂട്ടിംഗ് നടന്ന സ്ഥലങ്ങള്‍ ആളുകള്‍ക്ക് കൗതുകമുളവാക്കുന്നവയാണ്. പ്രകൃതിരമണീയമായ ഒട്ടേറെ സ്ഥലങ്ങള്‍ സിനിമയുടെ ഭാഗമായിട്ടുണ്ട്. ചില സ്ഥലങ്ങള്‍ സിനിമയുടെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. ഇത്തരം സ്ഥലങ്ങള്‍ വിനോദസഞ്ചാര പ്രദേശങ്ങളായി അടയാളപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഇതിന്റെ സാധ്യത തേടും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ സാംസ്‌കാരിക വകുപ്പുമായി വരുംദിവസങ്ങളില്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ, കൗണ്‍സിലര്‍ ഡോ.റീന കെ.എസ്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു എന്നിവര്‍ സംബന്ധിച്ചു.

റിവോള്‍വിംഗ് ഫണ്ട് പദ്ധതിയെ കേവലം ഒരു സഹായമായല്ല, ടൂറിസം മേഖലയിലേക്ക് തിരിച്ചുവരാന്‍ തൊഴിലാളികള്‍ക്കുള്ള പ്രചോദനമായാണ് കാണേണ്ടതെന്ന് മുഖ്യപ്രഭാഷണത്തില്‍ ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വേണു വി. പറഞ്ഞു. നൂലാമാലകളെല്ലാം ഒഴിവാക്കിയാണ് പദ്ധതിക്കായുള്ള അപേക്ഷാരീതി രൂപപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ടൂറിസം വ്യവസായത്തെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ റിവോള്‍വിംഗ് ഫണ്ട് രൂപീകരിച്ചത്. തുടക്കത്തില്‍ പത്ത് കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. സ്‌കീമിന് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് ഈട് നല്‍കാതെ 10,000 രൂപ വരെ വായ്പ ലഭിക്കും. ഒരു വര്‍ഷത്തെ മൊറട്ടോറിയം കാലാവധി കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം വായ്പ തിരിച്ചടയ്ക്കണം.

താല്‍പ്പര്യമുള്ളവര്‍ പേര്, ഇമെയില്‍ ഐഡി, വിലാസം, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ലോഗിന്‍ വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായ വിവരങ്ങള്‍ നല്‍കി www.keralatourism.org/revolving-fund എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം.

ഗുണഭോക്താക്കള്‍ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെയോ ടൂറിസവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അംഗീകൃത സംഘടനയുടെയോ അംഗത്വമുള്ള സ്ഥാപനത്തിലായിരിക്കണം ജോലി ചെയ്യേണ്ടത്. ജീവനക്കാര്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുമെന്ന് ഈ സ്ഥാപനം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി ഉള്‍പ്പെടെയുള്ള അഞ്ചോളം സന്നദ്ധ സംഘടനകള്‍ അടുത്തിടെ ടൂറിസം വകുപ്പുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

ട്രാവല്‍ ഏജന്‍സികള്‍, ടൂറിസ്റ്റ് ടാക്‌സി സര്‍വീസുകള്‍, ഹൗസ്‌ബോട്ടുകള്‍, ഷിക്കാര ബോട്ടുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റസ്റ്റോറന്റുകള്‍, സര്‍വീസ് വില്ലകള്‍, ടൂറിസ്റ്റ് ഫാമുകള്‍, ആയൂര്‍വേദ സ്പാകള്‍, അഡ്വഞ്ചര്‍ ടൂറിസം സംരംഭങ്ങള്‍, ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിലുള്ള മൈക്രോ യൂണിറ്റുകള്‍, ലൈസന്‍സുള്ള ടൂര്‍ ഗൈഡുമാര്‍, കലാ, ആയോധന കലാ സംഘങ്ങള്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരെ സഹായിക്കുന്നതിനാണ് റിവോള്‍വിംഗ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്.

അപേക്ഷകള്‍ പരിശോധിക്കുന്നതിനും വായ്പ അനുവദിക്കുന്നതിനുമായി ടൂറിസം ഡയറക്ടര്‍ ചെയര്‍മാനും ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കണ്‍വീനറുമായി ടൂറിസം മേഖലയിലെ വ്യാപാര സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാനലിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.