CLOSE

ബന്ധുക്കളെ കാണാന്‍ വീടുവിട്ടിറങ്ങിയ വയോധിക വഴി മറന്നെത്തിയത് കലക്ടറേറ്റില്‍

Share

കൊച്ചി: ബന്ധുക്കളെ കാണാന്‍ വീട്ടുകാരോട് പറയാതെ വീടുവിട്ടിറങ്ങിയ വയോധിക വഴി മറന്നെത്തിയത് കലക്ടറേറ്റില്‍. ജില്ലാ കലക്ടറുടെ ഇടപെടലില്‍ വയോധികയുടെ വീട് കണ്ടെത്തി സുരക്ഷിതമായി തിരിച്ചെത്തിച്ചു. കണിമംഗലം വടക്കെപുരക്കല്‍ കുട്ടപ്പന്റെ ഭാര്യ പാറുക്കുട്ടി അമ്മയാണ് വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ വഴി തെറ്റി കലക്ടറേറ്റിലെത്തിയത്.

മറവി രോഗം ബാധിച്ച പാറുക്കുട്ടി അമ്മ, നെടുപുഴയിലുള്ള ഭര്‍ത്താവിന്റെ ആദ്യ ഭാര്യയുടെ മക്കളെ കാണുന്നതിന് പുതൂര്‍ക്കരയിലുള്ള സഹോദരന്റെ മകന്റെ വീട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു. ഈ സമയം സഹോദരന്റെ മകന്റെ മകന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നെടുപുഴയ്ക്ക് പോകേണ്ടതിന് പകരം ചെന്നെത്തിയത് എറണാകുളം കലക്ടറേറ്റിലായിരുന്നു.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കലക്ടറേറ്റ് ജീവനക്കാരായ പ്രതിഭയും ഗോപാലകൃഷ്ണനും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് നെടുപുഴയിലേക്ക് ഓട്ടോറിക്ഷ വിളിച്ച് പറഞ്ഞയച്ചു. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ വീട് എവിടെയാണെന്ന് പേരാമംഗലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സജിക്ക് കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് ഡ്രൈവര്‍ വയോധികയെ കലക്ടറേറ്റിലേക്കു തിരിച്ചെത്തിച്ചു.

വിവരമറിഞ്ഞ ജില്ലാ കലക്ടര്‍, വയോധികയുടെ വീട് കണ്ടെത്തി സുരക്ഷിതമായി തിരികെ എത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവയുടെയും മെയ്ന്റനന്‍സ് ട്രിബ്യൂണല്‍ ജീവനക്കാരി ബിനിയുടെയും സഹകരണത്തോടെയാണ് ബന്ധുക്കളെ കണ്ടുപിടിച്ച് പാറുക്കുട്ടി അമ്മയെ ഉച്ചയ്ക്ക് ഒരു മണിയോടെ പൂതൂര്‍ക്കരയിലെ വീട്ടിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *