തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്. സിഎജി റിപ്പോര്‍ട്ടിലെ രണ്ട് പരാമര്‍ശങ്ങളും പ്രതിപക്ഷം ഉന്നയിച്ചതാണെന്ന് വി ഡി സതീശന് പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ സിഎജിയോട് സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. കുറ്റക്കാരെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു.
പ്രളയ മുന്നൊരുക്കത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജല നയത്തില്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ മുല്ലപ്പെരിയാര്‍ മരംമുറിക്കലില്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്ന് വി ഡി സതീശന് ആവര്‍ത്തിച്ചു. മരം മുറിക്കാനുള്ള തീരുമാനം സെക്രട്ടറി തലത്തില്‍ എടുത്തുവെന്നും യോഗങ്ങളില്‍ ജലവിഭവ വകുപ്പ് അഡീ.സെക്രട്ടറി പങ്കെടുത്തിട്ടും മന്ത്രി അറിഞ്ഞില്ലെന്നും പറഞ്ഞ അദ്ദേഹം സംഭവത്തില്‍ ജുഡീഷ്യന്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.