CLOSE

ജി.എസ്.ടി: നികുതി വരുമാനം കുറയുന്ന സാഹചര്യം പൂര്‍ണമായി പരിഹരിക്കപ്പെടണമെന്നു മന്ത്രി കെ.എന്‍. ബാലഗോപാല്‍

Share

ജി.എസ്.ടി. നടപ്പാക്കുന്നതിലെ പാകപ്പിഴ മൂലം സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവാണുണ്ടാകുന്നതെന്നും പോരായ്മകള്‍ പൂര്‍ണമായി പരിഹരിക്കപ്പെടാന്‍ അടിന്തര നടപടിയുണ്ടാകണമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജി.എസ്.ടി. നടപ്പാക്കിയതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കോ നികുതിദായകരായ സാധാരണക്കാര്‍ക്കോ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ജി.എസ്.ടി – ഇന്ത്യന്‍ അനുഭവ പാഠങ്ങള്‍’ എന്ന വിഷയത്തില്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍(ഗിഫ്റ്റ്) സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്ന രീതിയിലാണു ചരക്കു സേവന നികുതി നടപ്പാക്കിയിരിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങള്‍ക്കു കിട്ടേണ്ട നികുതിയെന്തെന്നു കേന്ദ്രം തീരുമാനിക്കുന്ന സ്ഥിതിയാണുള്ളത്. ഇതു സംസ്ഥാന സര്‍ക്കാരുകളെ മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെപ്പോലും ഗൗരവമായി ബാധിച്ചിട്ടുണ്ട്.
ചരക്കു നീക്കവും നികുതി പിരിവും സുതാര്യമാകും, ചെക്‌പോസ്റ്റുകള്‍ വേണ്ട, നികുതി വരുമാനം കൂടും, ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന സാധനങ്ങളുടെ വില കുറയും തുടങ്ങിയവയായിരുന്നു ജി.എസ്.ടി. നടപ്പാക്കുമ്പോഴുള്ള വാഗ്ദാനം. ഫലത്തില്‍ സംഭവിച്ചത് തിരിച്ചാണ്. ജി.എസ്.ടി. നഷ്ടപരിഹാരം ലഭിക്കുന്നതിലും വലിയ കുറവാണു സംസ്ഥാനത്തിനുള്ളതെന്നും വരുന്ന ജൂലൈയില്‍ ഇത് അവസാനിക്കുന്നതോടെ സ്ഥിതി സങ്കീര്‍ണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോര്‍പ്പറേറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ കേന്ദ്രത്തിനു പ്രത്യക്ഷ നികുതി വരുമാനത്തില്‍ അനുഭവപ്പെടുന്ന വലിയ കുറവ് നികത്താന്‍ പരോക്ഷ നികുതിയിലേക്കു കൈകടത്തുകയാണ്. ഇതു രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കും. ചരക്കു സേവന നികുതി എന്ന ആശയം കൃത്യവും വ്യക്തവുമായി നടപ്പാക്കിയാല്‍ വരുമാനം കൂട്ടാന്‍ കഴിയും. ഇതു നടപ്പാക്കിയതിലെ പാളിച്ച മൂലം നിരവധി ചോര്‍ച്ചകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ചരക്കു സേവന നികുതി നടപ്പാക്കി നാലു വര്‍ഷം പിന്നിടുന്ന വേളയില്‍ സാമ്പത്തിക രംഗത്ത് ഈ പുതിയ നികുതി സമ്പ്രദായം ഉണ്ടാക്കിയിട്ടുള്ളതു നിരാശപ്പെടുത്തുന്ന അനുഭവമാണെന്നു ശില്‍പ്പശാലയില്‍ പങ്കെടുത്ത മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടിയുണ്ടാക്കിയിട്ടുള്ള നിരാശ എല്ലാ തലങ്ങളിലും പ്രകടമാണ്. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടില്ലെന്നു മാത്രമല്ല താഴേക്കു പോകുകയാണ്. ചരക്കു സേവന നികുതി ഘടനയില്‍ പൊളിച്ചെഴുത്തുകള്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗിഫ്റ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പ്പശാലയുടെ ആദ്യ ദിനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി ഡയറക്ടര്‍ പ്രൊഫ. പിനാകി ചക്രവര്‍ത്തി, മുന്‍ ഡയറക്ടര്‍ പ്രൊഫ. എം. ഗോവിന്ദറാവു, ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിങ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ധനകാര്യ മേഖലയിലെ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *