കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് പേരില്‍ നിന്നായി 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. തൃശൂര്‍ സ്വദേശി നിതിന്‍ ജോര്‍ജ്, കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍, ഓര്‍ക്കാട്ടേരി സ്വദേശി നാസര്‍, വളയം സ്വദേശി ബഷീര്‍, കൂരാച്ചുണ്ട് സ്വദേശി ആല്ബിന് തോമസ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ആഴ്ചയും കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു. മൂന്ന് യാത്രികരില്‍ നിന്നായി 4.700 കിലോ ഗ്രാം സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണവും ബഹറിനില്‍ നിന്നും എത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനില്‍ നിന്നും 2.06 കിലോഗ്രാം സ്വര്‍ണവും ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി അബ്ദുള്‍ ജലീല്‍ നിന്നും 355 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീല്‍ ശരീരത്തില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഒരു കോടി 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് മൂന്ന് പേരില്‍ നിന്നും പിടികൂടിയത്.