ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സംസ്ഥാനത്തുണ്ടായ കനത്ത മഴയെത്തുടര്‍ന്നു കടലില്‍ പോകാന്‍ കഴിയാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 3,000 രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 47.84 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ 1,59,481 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇതുപ്രകാരമുള്ള ധനസഹായം ലഭിക്കും. ഒക്ടോബറിലും നവംബറിലുമുണ്ടായ ശക്തമായ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നു കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി ദിവസങ്ങളോളം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതുമൂലം വറുതിയിലായ കുടുംബങ്ങളെ സഹായിക്കാനാണു പ്രത്യേക പാക്കേജായി തുക അനുവദിക്കുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യംകൂടി കണക്കിലെടുത്ത് എടുത്ത തീരുമാനം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു വലിയ സഹായമാണെന്നും മന്ത്രി പറഞ്ഞു.
ഉള്‍നാടന്‍, തീര മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ധനസഹായം ലഭിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും ദുരിതമനുഭവിക്കുന്നവരുമായ കുടുംബങ്ങള്‍ക്കാകും ധനസഹായം. സര്‍ക്കാര്‍ തീരുമാനം തീരദേശത്തിനു വലിയ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.