CLOSE

ദമ്പതികളെ ബന്ദിയാക്കി മോഷണം: പ്രതി അറസ്റ്റില്‍

Share

കോഴിക്കോട്: ദമ്പതികളെ ബന്ദിയാക്കി മോഷണം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. ഒളവണ്ണ കമ്പിളിപ്പറമ്പ് സ്വദേശി സല്‍മാന്‍ ഫാരിസിനെയാണ് (24) ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അര്‍ധരാത്രി ജനലഴികള്‍ മുറിച്ച് വീട്ടില്‍ കയറി ദമ്പതികളെ ബന്ദിയാക്കിയശേഷം മകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.

ഒക്ടോബര്‍ ഒമ്പതിന് അര്‍ധരാത്രിയാണ് സംഭവം. വലിയങ്ങാടി ഗണ്ണി സ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള സലാമിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. ജനലിന്റെ മരഅഴികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. തുടര്‍ന്ന് സലാമും ഭാര്യ റാബിയയും ഉറങ്ങിയിരുന്ന മുറി ഷാള്‍ ഉപയോഗിച്ച് പൂട്ടിയതിന് ശേഷം മുകള്‍നിലയിലെ ആളില്ലാത്ത മുറിയിലെത്തി അലമാരയില്‍ നിന്ന് സാധനങ്ങള്‍ വലിച്ചിട്ടു. പിന്നീട് താഴെ നിലയിലുള്ള സലാമിന്റെ മകള്‍ ആയിഷയുടെ മുറിയിലെത്തി.

ശബ്ദം കേട്ട് ഉണര്‍ന്ന് ബഹളംവെച്ച ആയിഷയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് ഒരു പവന്റെ സ്വര്‍ണ ബ്രേസ്‌ലറ്റുമായി പ്രതി കടന്നുകളയുകയായിരുന്നു. ആയിഷയുടെ മാതാപിതാക്കള്‍ ബഹളംകേട്ടെങ്കിലും ഷാള്‍ ഇട്ട് വാതില്‍ കെട്ടിയതിനാല്‍ തുറക്കാനായില്ല. അതേസമയം നിരവധി കളവു കേസുകളിലെ പ്രതിയാണ് സല്‍മാന്‍ ഫാരിസെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *