CLOSE

കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, വന്‍ നാശനഷ്ടം

Share

കോട്ടയം : ജില്ലയിലെ എരുമേലി കണിമലയില്‍ ഉരുള്‍പൊട്ടല്‍. കീരിത്തോട് പാറക്കടവ് മേഖലകളില്‍ അതിരാവിലെ രണ്ടരക്ക് ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. മൂന്ന് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ജില്ലയില്‍ മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പിനിടെയാണ് അപ്രതീക്ഷിതമായി ഉരുള്‍പൊട്ടലുണ്ടായത്.

പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേഖലയിലും ഇന്നലെ രാത്രിയിലെ ശക്തമായ മഴയില്‍ ഉരുള്‍പൊട്ടി. കൊക്കാത്തോട് ഒരു ഏക്കര്‍ പ്രദേശത്തെ 4 വീടുകളില്‍ ആണ് വെള്ളം കയറിയത്. വയക്കര, കൊക്കാത്തോട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തു നിന്ന് ആളുകളെ മറ്റിപ്പാര്‍പ്പിച്ചു. അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു.

ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായാണ് അരുവാപ്പുരം പഞ്ചായത്തിന്റെ ഭാഗമായ കൊക്കാത്തോട് ഉരുള്‍പൊട്ടിയത്. ആവണിപ്പാറ ആദിവാസി കോളനിയിലേക്ക് എത്താനുള്ള ഒരേയൊരു സഞ്ചാരമാര്‍ഗമായ കടത്തുവള്ളം ഉള്‍പ്പെടെ ഒഴുകിപ്പോയി. മാത്രമല്ല വയക്കരയിലെ പല ചെറിയ അരുവികളിലും വെള്ളപ്പൊക്കമുണ്ടായി.

കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിലെ കോളനിയാണ് വില്ലുമല ആദിവാസി കോളനി. മലവെള്ള പാച്ചിലില്‍ ഈ കോളനി ഒറ്റപ്പെട്ടു. രാവിലെ പെയ്ത മഴയെ തുടര്‍ന്നായിരുന്നു മലവെള്ള പാച്ചില്‍. ഈ മഴയില്‍ ആദിവാസി കോളനിയിലേക്കുള്ള പാലം മുങ്ങി. ഇവിടെ മൂന്നു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *