ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് ആശയത്തില്‍ പ്രഗതി മൈതാനിയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരളത്തിന്റെ പവലിയന്‍ ഒരുങ്ങുന്നു. സ്വയം പര്യാപ്തത നേടിയ സ്വാശ്രയത്തിലൂന്നിയ വികസന മാതൃകകളാണ് 21 സ്റ്റാളുകളിലായി അണിനിരക്കുക. പ്രഗതി മൈതാനിയില്‍ നവംബര്‍ 14 മുതല്‍ 27 വരെയാണ് 40-ാമത് അന്താരാഷ്ട്ര വ്യാപാരമേള. കോവിഡ് മഹാമാരി കാരണം 2020 ല്‍ വ്യാപാര മേള നടന്നിരുന്നില്ല.
ടൂറിസം, ഐ.ടി.മിഷന്‍, ഫോറസ്റ്റ് ആന്റ് വൈല്‍ഡ്‌ലൈഫ്, നോര്‍ക്ക റൂട്ട്‌സ്, ഡയറക്ടറേറ്റ് ഓഫ് ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ്, ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രി ആന്റ് കൊമേഴ്‌സ്, കുടുംബശ്രീ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പഞ്ചായത്ത്, ഡയറക്ടറേറ്റ് ഓഫ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഫിഷറീസിന്റെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമന്‍ (സാഫ്), മത്സ്യഫെഡ്, കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് ആന്റ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, കൊയര്‍ ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡയറക്ടറേറ്റ് ഓഫ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മാര്‍ക്കറ്റ്‌ഫെഡ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ്, എന്നീ വകുപ്പുകളിലൂടെയാണ് കേരളം കൈവരിച്ച നേട്ടങ്ങള്‍ ദൃശ്യവത്ക്കരിക്കുക. വ്യാപാര മേളയില്‍ കേരളീയ രുചിക്കൂട്ടൊരുക്കി കുടുംബശ്രീയുടെ ഭക്ഷണശാലയുമുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പവലിയന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ശില്‍പ്പകലാകാരന്‍ ജിനനാണ്. പുതുതായി നിര്‍മ്മിച്ച കണ്‍വന്‍ഷന്‍ സെന്ററില്‍ നാലാമതു ഹാളിലാണ് കേരള പവലിയന്‍.