ന്യൂഡല്‍ഹി: അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയനില്‍ വിവര സാങ്കേതിക വിദ്യയിലെ കേരള മോഡല്‍ വികസന മാകൃകയുമായി കേരള സ്റ്റേറ്റ് ഐ.ടി മിഷന്. ഐ.ടി മേഖലയില്‍ സ്വയം പര്യാപ്തത യിലേക്കുള്ള പ്രയാണത്തില്‍ കേരളം സ്വായത്തമാക്കിയ വിവരസാങ്കേതിക വിദ്യയുടെയും ഇ ഗവേണന്‍സ് പദ്ധതികളുടെയും പങ്ക് വ്യക്തമാക്കുന്നതാണ് ഐടി മിഷന് സ്റ്റാള്‍. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായ കേരളം ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും അടുത്തറിയാന്‍ സ്റ്റാളില്‍ അവസരമൊരുക്കിയിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയായ കെഫോണ്‍, പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടായ കെ ഫൈ തുടങ്ങിയവയെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ സ്റ്റാളില്‍ ലഭ്യമാണ്. ഈ പദ്ധതികളിലൂടെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഇരുപത് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യതയും 30000 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി യും വിഭാവനം ചെയ്യുന്നു.
സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കുന്ന ഇ സേവനം, എം സേവനം എന്നീ പദ്ധതികളെക്കുറിച്ചും, കേരളത്തിന്റെ ജനസേവന കേന്ദ്രമായ അക്ഷയ പദ്ധതിയെക്കുറിച്ചും കൂടുതലറിയാന്‍ സ്റ്റാളില്‍ അവസരമൊരുക്കിയിരിക്കുന്നു. സംസ്ഥാനത്ത് വ്യാപിച്ചു കിടക്കുന്ന 2800 ഓളം അക്ഷയ കേന്ദ്രങ്ങള്‍ വഴി വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. വാതില്‍പ്പടിസേവനം ഇതില്‍ പ്രധാനമാണ്. കേരളത്തിലെ വിവിധ ഐടി പാര്‍ക്കുകള്‍, ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക്, ടെക്നോ സിറ്റി തുടങ്ങിയ ഐടി അധിഷ്ഠിത സംവിധാനങ്ങളും സ്റ്റാളില്‍ പ്രതിപാദിച്ചിട്ടുണ്ട്.
കേരള സ്റ്റാര്‍ട്ട് അപ് മിഷന്, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി എന്നിവയെക്കുറിച്ചും ഈ ഹെല്‍ത്ത് സംവിധാനവും, ആരോഗ്യരംഗത്ത് ഈ ഹെല്‍ത്ത് സംവിധാനം കൈവരിച്ച നേട്ടങ്ങളും ഐ.ടി മിഷന് സ്റ്റാളില്‍ വിശദമായി പ്രതിപാദിക്കുന്നു.
സര്‍ക്കാരിന്റെ സ്വതന്ത്ര മാപ്പിംഗ് സംവിധാനമായ മാപ്പത്തോണ്‍ കേരളയെക്കുറിച്ചും സ്റ്റാളില്‍ വിശദമാക്കുന്നുണ്ട്. നമുക്ക് ഉണ്ടാക്കാം നമ്മുടെ ഭൂപടം എന്ന തത്വത്തില്‍ അധിഷ്ഠിതമായ മാപ്പത്തോണ്‍ കേരള പുരോഗമിച്ചു വരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് ലഭ്യമാക്കുന്ന സിറ്റിസണ്‍ കോള്‍ സെന്ററിനെക്കുറിച്ചും, റോഡ് കട്ടിങ്ങും അതോടൊപ്പം അനുബന്ധമായ സാധന സാമഗ്രികള്‍ മാറ്റുന്നതിനായി വേണ്ട പെര്മിഷന് ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സുഗമ പോര്ട്ടലിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ സ്റ്റാളില്‍ ലഭ്യമാക്കിയിട്ടുണ്ട്.