ന്യൂഡല്‍ഹി: രാജ്യാന്തര മേളകളില്‍ ശ്രദ്ധ നേടിയ കുടുംബശ്രീയുടെ പെരുമയറിയിക്കുന്ന സ്റ്റാള്‍ ഇക്കുറിയും കേരള പവലിയനില്‍ ശ്രദ്ധേയമാണ്. ഒപ്പം തനത് നാടല്‍ ഉല്‍പ്പന്നങ്ങളും രുചിക്കൂട്ടുമുണ്ട്.
കുടുംബശ്രീയിലൂടെ സ്വയം പര്യാപ്തത കൈവരിക്കുന്ന സ്ത്രീ എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവര്‍ത്തനങ്ങള്‍, സംരംഭ വികസന പദ്ധതികള്‍, സാമൂഹിക വികസനം, സ്ത്രീ പദവി സ്വയംപഠനം, കുടുംബശ്രീ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ മാതൃക എന്നിവ തീം സ്റ്റാളിലെ ഇന്ററാക്റ്റീവ് സ്ക്രീനിലൂടെ കാണാനാകും. 45 ലക്ഷം സ്ത്രീകളുടെ സംഘടന എങ്ങനെ സ്ത്രീ ശക്തീകരണവും സ്ത്രീകളില്‍ സ്വയം പര്യാപ്തതയെ സാധ്യമാക്കുന്നതെന്നും സാമൂഹിക സേവന മാതൃകകളായ ജനകീയ ഹോട്ടലുകള്‍, മെട്രോ സേവനങ്ങള്‍, കേരള ചിക്കന്‍ പദ്ധതി എന്നിവയുടെ പ്രവര്‍ത്തനവും സ്റ്റാളുകളില്‍ അറിയാം.
കുടുംബശ്രീ സംരംഭകരുടെ തനത് ഉല്‍പ്പന്നങ്ങളായ വെളിച്ചെണ്ണ, ചിപ്സ്, അച്ചാറുകള്‍, വിവിധ തരം സുഗന്ധ വ്യഞ്ജങ്ങള്‍ കരകൗശല വസ്തുക്കള്‍, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ കുടുംബശ്രീ സ്റ്റാളില്‍ നിന്നും വാങ്ങാം. മലബാര്‍ വിഭവങ്ങളും, മധ്യ തിരുവതാംകൂര്‍-തൃശൂര്‍ രീതിയിലുമുള്ള വിഭവങ്ങളും ഭക്ഷ്യ സ്റ്റാളില്‍ ലഭ്യമാണ്. കുത്തരിയിലുള്ള തനത് കേരള മീല്‍സ്, കപ്പ, ഉന്നക്കായ, കിളിക്കൂട്, ചെമ്മീന്‍ പുട്ട്, മലബാര്‍ ബിരിയാണി, വിവിധ തരം ദോശ, പുട്ട്, ചിക്കന്‍ കറി, ചിക്കന്‍ കൊണ്ടാട്ടം എന്നിവയും ലഭ്യമാണ്.
വ്യാപാര മേളയുടെ ഭാഗമായ സരസ് മേളയിലും കുടുബശ്രീയുടെ സാന്നിധ്യമുണ്ട്. ഹാള്‍ നമ്പര്‍ 7 ലുള്ള 26, 67, 103-106 സ്റ്റാളുകളിലായി ഇവര്‍ കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങള്‍, മലപ്പുറം കളിമണ്പാത്രങ്ങള്, അട്ടപ്പാടി ഊരുകളിലെ ഊര് ഉത്പ്പന്നങ്ങള്‍, ചിപ്സ്, വെളിച്ചെണ്ണ, ചക്ക കൊണ്ടുള്ള വിവിധ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളും ലഭ്യമാണ്. വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചു സ്വയം പര്യാപ്തരായ സ്ത്രീകളുടെ വിജയത്തിന്റെ നേര്‍കാഴ്ചയാണ് കുടുംബശ്രീയിലൂടെ രാജ്യാന്തര സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കുന്നത്.
നവംബര്‍ 27 വരെ നടക്കുന്ന വ്യാപാരമേളയില്‍ നാളെ മുതല്‍ (19.11.2021) പൊതുജനത്തിനു സന്ദര്‍ശിക്കാവുന്നതാണ്.
കേരളത്തെ പുകഴ്ത്തി ആഫ്രിക്കന്‍ സംഘം
ന്യൂഡല്‍ഹി: കേരളത്തെക്കുറിച്ച് കേട്ടറിവ് മാത്രമാണുള്ളതെന്നും കേരളം കാണാന്‍ ഉടന്‍ എത്താന്‍ ശ്രമിക്കുമെന്നും ആഫ്രിക്കന്‍ സംഘം. പ്രഗതി മൈതാനിയില്‍ നടന്നു വരുന്ന വ്യാപാരമേളയിലെ കേരള പവലിയന് സന്ദര്‍ശിക്കുകയായിരുന്നു ആഫ്രിക്കന്‍ സംഘാഗങ്ങള്‍. ഏലക്കയും ഗ്രാമ്പുവും കേരള ഉല്‍പ്പന്നങ്ങളും ഏറെ ഇഷ്ടമുണ്ടെന്നും സ്റ്റാളുകള്‍ കണ്ടശേഷം അവര്‍ പറഞ്ഞു. ഇന്ത്യന്‍ വിദേശ മന്ത്രാലയം നടത്തുന്ന രണ്ടാഴ്ച്ചത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയില് നിന്നുമുള്ള 30 പേരാണ് സംഘത്തിലുള്ളത്. ഇവര്‍ ഗാംബിയന്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. കേരള പവലിയന് മനോഹരമാണെന്ന് ഗാംബിയിലെ പ്രോട്ടോകോള്‍ ഓഫീസറായ മമെദോ ഇജാംഗ്സേ പറഞ്ഞു. പവലിയന് തീം സ്ഥലത്തെ ശില്പം ആകര്‍ഷണീയമാണെന്ന് സംഘാംഗമായ സെയ്ക്കോണ് സീസേയും അഭിപ്രായപ്പെട്ടു.