ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ സ്കൂളുകളും അടച്ചിടുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ വിദ്യാഭ്യാസം ഉറപ്പുവരുത്തും. പുതിയ ഉത്തരവ് വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അണ് എയ്ഡഡ് അംഗീകൃത, NDMC, MCDകള്‍, ഡല്‍ഹി കന്റോണ്‍മെന്റ് ബോര്‍ഡ് സ്കൂളുകള്‍ എന്നിവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടഞ്ഞുകിടക്കും. ഓണ്‍ലൈന്‍ അധ്യാപന-പഠന പ്രവര്‍ത്തനങ്ങളും ബോര്‍ഡ് ക്ലാസുകള്‍ക്കായുള്ള പരീക്ഷകളും 14.11.2021 ലെ സര്‍ക്കുലര്‍ നമ്പര്‍ DE.23 (28)/Sch.Br./2021/637 പ്രകാരം നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍, സ്റ്റാഫ് അംഗങ്ങള്‍, എസ്എംസി അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവരിലേക്ക് വിവരം എത്തിക്കാന്‍ സ്കൂള്‍ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ വായു മലിനീകരണ തോത് നേരിടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ‘മലിനീകരണ ലോക്ക്ഡൗണ്‍’ പ്രഖ്യാപിച്ചിരുന്നു. എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നവംബര്‍ 14 മുതല്‍ നവംബര്‍ 17 വരെ നിരോധിച്ചു. സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരോട് ഒരാഴ്ചത്തേക്ക് വീട്ടില്‍ നിന്ന് (WFH) ജോലി ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.