ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ. ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളിലെ സ്‌കൂളുകള്‍ വരുന്ന രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സമിതി തമിഴ്നാട്ടില്‍ എത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്. തിങ്കളാഴ്ച മഴ ഒഴിഞ്ഞുനില്‍ക്കുമെങ്കിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
അതേസമയം, കേരളത്തിലും ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂന മര്‍ദ്ദമായി മാറി ഇന്ത്യന്‍ തീര്‍ത്തുനിന്ന് അകന്ന് പോകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മല്‍സ്യ ബന്ധനത്തിന് തടസമില്ല. ചൊവ്വാഴ്ചയോടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതുണ്ട്. തുടര്‍ന്ന് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.