ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയില്‍. മരംമുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. കേരളം ഉത്തരവ് റദ്ദാക്കിയത് തമിഴ്നാട് ചൂണ്ടിക്കാട്ടി. ഇടക്കാല അപേക്ഷ എന്ന രീതിയിലാണ് തമിഴ്നാട് അപേക്ഷ സമര്‍പ്പിച്ചത്.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ തമിഴ്നാടിന് അനുമതി നല്കിയ നടപടി മരവിപ്പിച്ച് ഉത്തരവിറങ്ങുന്നത് ഈ മാസം എട്ടിനാണ്. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ആദ്യ ഉത്തരവ് റദ്ദ് ചെയ്യാതെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മരവിപ്പിക്കുകയാണെന്നാണ് വിശദീകരണം. തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ച് മരം മുറിക്കാന്‍ അനുമതി നല്‍കിയത് ജലവിഭവ സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാന പ്രകാരമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസാണ് ജലവിഭവ സെക്രട്ടറിയും. എന്നിട്ടും വിവരങ്ങള്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അറിയിച്ചില്ലെന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
അതേസമയം, മുല്ലപ്പെരിയാര്‍-വള്ളക്കടവ് റോഡ് അറ്റകുറ്റപ്പണി നടത്താനും അനുമതി നല്‍കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്.