ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സംബന്ധിച്ച് സര്‍ക്കാരുകള്‍ പ്രത്യേക പോര്‍ട്ടലുകള്‍ വികസിപ്പിക്കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കാന്‍ കഴിയുന്നതാകണം പോര്‍ട്ടല്‍. ഗ്രാമത്തിലുള്ളവര്‍ക്ക് അപേക്ഷ നല്‍കാന്‍ നഗരത്തില്‍ എത്തേണ്ട സാഹചര്യം പോര്‍ട്ടലിലൂടെ ഒഴിവാക്കാം. ഇതുവഴി കളക്ട്രേറ്റുകളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ കഴിയുമെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാര വിതരണത്തിന് രാജ്യമൊട്ടാകെ ഏകീകൃത സംവിധാനം നടപ്പാക്കാന്‍ സാധിക്കും. പല സംസ്ഥാനങ്ങളിലും നഷ്ടപരിഹാര വിതരണ വിവരം കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ നടപടികളുടെ തല്‍സ്ഥിതി അറിയിക്കാന്‍ സുപ്രീംകോടതി ഈ മാസം 22നാണ് നിര്‍ദേശം നല്‍കിയത്.
കോവിഡിന് ഇരയായി മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രീംകോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മാര്‍ഗരേഖയും സമര്‍പ്പിച്ചിട്ടുണ്ട്.