കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങളുമായി പോയ ആംബുലന്‍സ് അപകടത്തില്‍പെട്ടു. കൂനൂരില്‍ നിന്ന് കോയമ്പത്തൂര്‍ സൂളൂര്‍ വ്യോമകേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ മേട്ടുപ്പാളയത്തു വെച്ചാണ് അപകടമുണ്ടായത്. സുരക്ഷയൊരുക്കി അകമ്പടിപോയ പോലീസ് വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിറകെ വന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്കു മാറ്റി യാത്ര തുടര്‍ന്നു. രണ്ടു പോലീസുകാര്‍ക്കു നിസാര പരുക്കേറ്റു. വെല്ലിങ്ടണില്‍ നിന്നു സൂളൂരിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് കനത്ത വെയിലിനെ അവഗണിച്ച് വീരാത്മാക്കള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. അതിനിടെ ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് പോലീസ് കേസെടുത്തു. എ.എസ്.പി മുത്തുസാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.