ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു. 36 കുട്ടികളെ രക്ഷപ്പെടുത്തി. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീ പടര്‍ന്നത് എന്നാണ് നിഗമനം. അപകടസമയത്ത് 40 കുട്ടികള്‍ വാര്‍ഡിലുണ്ടായിരുന്നു. ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
സ്ഥിതിഗതികള്‍ വിലയിരുത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം ധനസഹായം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.