CLOSE

പതിനേഴുകാരിയെ കാണാതായിട്ട് രണ്ടുമാസം; ‘ഷാമനിസം’ സംശയിച്ച് മാതാപിതാക്കള്‍

Share

ബംഗളുരു : രണ്ട് മാസം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ട്വിറ്ററിലൂടെ സഹായമഭ്യര്‍ത്ഥിച്ച് മാതാപിതാക്കള്‍.

ബംഗളൂരു സ്വദേശിയായ അനുഷ്‌ക എന്ന 17കാരിയെ തേടിയാണ് മാതാപിതാക്കളുടെ അഭ്യര്‍ത്ഥന. ഒക്ടോബര്‍ 31ന് രണ്ടു ജോഡി വസ്ത്രങ്ങളും 2,500 രൂപയുമായി വീടുവിട്ട് ഇറങ്ങിയതാണ് അനുഷ്‌ക. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

പുരാതന ആത്മീയ വിശ്വാസമായ ഷമനിസത്തില്‍ അനുഷ്‌ക ആകൃഷ്ടയായിരുന്നുവെന്നും വീടുവിടാന്‍ കാരണം ഇതാണെന്നും മാതാപിതാക്കള്‍ പറയുന്നു. സെപ്തംബര്‍ മുതല്‍ അനുഷ്‌കയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ പ്രകടമായിരുന്നു. ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതിലായി അവളുടെ താല്‍പര്യം. മാതാപിതാക്കള്‍ അനുഷ്‌കയെ ഒരു കൗണ്‍സിലറുടെ അരികിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഷമനിസത്തെയും അതിലെ ആത്മാക്കളുടെ ലോകവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെയും പറ്റി അനുഷ്‌ക ഓണ്‍ലൈനിലൂടെ വളരെയധികം വായിച്ചിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. പ്ലസ് ടു പാസ്സായെങ്കിലും ഷമനിസം പഠിക്കാനായിരുന്നു താല്‍പര്യം.

ഷമനിസം പിന്തുടരാന്‍ ആഗ്രഹിക്കുന്നെന്നും ചില ആത്മീയ പരിശീലകരുടെ ജീവിത ശൈലി കണ്ട് തനിക്കും അത് അഭ്യസിക്കാന്‍ താത്പര്യമുണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇക്കാരണങ്ങളാകാം മകളുടെ തിരോധാനത്തിന് പിന്നിലെന്നാണ് അനുഷ്‌കയുടെ മാതാപിതാക്കള്‍ കരുതുന്നത്. അതേസമയം, അനുഷ്‌കയുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് ബംഗളുരു നോര്‍ത്ത് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *