CLOSE

അന്ത്യയാത്രയായി ആധുനിക മലാംകുന്നിന്റെ ശില്‍പ്പി

Share

-പ്രതിഭാരാജന്‍

ഉദുമാ പഞ്ചായത്ത് ഉള്‍പ്പെട്ട മലാങ്കുന്ന് വാര്‍ഡിന്റെ സമഗ്രവികസനത്തിനായി യത്നിച്ച കുതിരുമ്മല്‍ കുഞ്ഞിരാമന്റെ അന്ത്യ യാത്ര നാടിനെ കണ്ണീരിലാഴ്ത്തി. സംസ്‌കാരച്ചടങ്ങില്‍ വിവിധ നേതാക്കള്‍ പങ്കെടുത്തു. നാട്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉടലെടുക്കുന്ന കാലം മുതല്‍ കര്‍ഷക സംഘത്തിലൂടേയും, തുടര്‍ന്ന് ചെത്തുതൊഴില്‍ സ്വീകരിച്ച് ചെത്തു തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ഉറച്ച കമ്മ്യൂണിസിറ്റുകാരന്‍ എന്ന നിലയിലും നിലയുറപ്പിച്ചു.

മലാങ്കുന്ന് വാര്‍ഡിലെ ഗ്രാമപഞ്ചായത്ത് മെമ്പറായിരിക്കുമ്പോഴാണ് ആദ്യമായി അതുവഴി ഒരു ടാര്‍റോഡുണ്ടാകുന്നത്. തുടര്‍ന്ന് പലകൈവഴികളിലായി പലതരം പോക്കറ്റ് റോഡുകളിലൂടെ നാടിനെ ജനനിബിഡമാക്കാനും, നഗരസ്വഭാവമുള്ള ഗ്രാമവുമായി മാറ്റാനും അദ്ദേഹം യത്നിച്ചു. അതിനിടിയിലൂടെയുള്ള നാട്ടുകാരുടെ ഭഗീരഥപ്രയത്നമായിരുന്നു, റെയില്‍പാതക്കടിയിലൂടെ റോഡു വെട്ടി മലാങ്കുന്നിലേക്ക് റോഡൊരുക്കുക എന്നത്. തന്റെ കൂടി നേതൃത്വത്തില്‍ രൂപം കൊണ്ടിരുന്ന തൃക്കണ്ണാട്-മലാങ്കുന്ന് വികസനസമിതിയോടൊപ്പം ചേര്‍ന്ന് അണ്ടര്‍ ബ്രിഡ്ജ് പാതയുടെ പൂര്‍ത്തീകരണത്തിനായി യത്നിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ബേക്കല്‍ കോട്ട ബി.ആര്‍.ഡി.സി ഏറ്റെടുത്തതോടു കൂടി നാട്ടില്‍ കടന്നുവരാന്‍ സാധ്യതയുള്ള റിസോര്‍ട്ട് അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങളെ നാടിന്റെ സമഗ്രവികസനമാക്കി മാറ്റാന്‍ സഹായകരമാവുന്ന നിരവധി ഇടപെടലുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

ഒരു ഗ്രാമം അന്ന് സ്വപ്നം കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള ആധുനിക ടാറിങ്ങ് സംവിധാനത്തിലുടെയുള്ള വീതിയേറിയ റോഡ് ഈ നാട്ടിലേക്ക് കടന്നു വരുന്നതിന് നിമിത്തമതായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്നതിനു പുറമെ, സി.പി.ഐ.എമ്മിന്റെ പാലക്കുന്ന് ലോക്കല്‍ കമ്മറ്റി അംഗം, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണസമതി അംഗം തുടങ്ങി നിരവധി മേഖലകളില്‍ സേവനമനുഷ്ഠിച്ചു.

രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃക: കെ. കുഞ്ഞിരാമന്‍ (മുന്‍എം,എല്‍എ)

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബേക്കല്‍ ഭാഗത്ത് കര്‍ഷക സംഘത്തിന്റെ സംഘാടകനായി ഉയര്‍ന്ന് പിന്നീട് നാടിന്റെ പലവിധ വികസനത്തിന്റെയും ഭാഗമായി തീര്‍ന്ന കുതിരുമ്മല്‍ കുഞ്ഞിരാമന്റെ മരണം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും തീരാനഷ്ടമാണെന്ന് സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗവും, മുന്‍ എം.എം.എല്ലെയും, കര്‍ഷക നേതാവുമായ കെ. കുഞ്ഞിരാമന്‍ അറിയിച്ചു.

കൃഷിക്കാരന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കിയും അവര്‍ക്കായുള്ള പ്രക്ഷേഭ സമരങ്ങള്‍ക്ക് പ്രാദേശികമായി നേതൃത്വം നല്‍കിയും പാര്‍ട്ടിയിലേക്ക് കടന്നു വന്നു. വലിയ കര്‍ഷകന്‍ കൂടിയായിരുന്നു അദ്ദേഹം. ഒന്നിലധികം ജോഡി കാളകളെ സംഘടിപ്പിച്ച് മുഴുവന്‍ വയലുകളും ഉഴുന്നു മറിക്കുന്ന കര്‍ഷകന്‍. തൊട്ടതെല്ലാം പൊന്നാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എല്ലാ മേഖലകളിലും കടന്നു ചെന്ന് കക്ഷി രാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ജനങ്ങളുടേയും ആദരവു പിടിച്ചു പറ്റാന്‍ കഴിവുള്ള നേതൃത്വത്തേയാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും, പുതിയ തലമുറക്കുള്ള കമ്മ്യൂണിസ്റ്റ് മാര്‍ക്സിയന്‍ പ്രവര്‍ത്തനത്തിന്റെ പാഠപുസ്തമായി വര്‍ത്തിക്കുകയായിരുന്നു അദ്ദേഹമെന്നും കെ. കുഞ്ഞിരാമന്‍ മുന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. മലാങ്കുന്നിലെത്തി മൃതദേഹത്തില്‍ രക്തപതാക ചാര്‍ത്തിയാണ് അദ്ദേഹം ഉദുമാ ഏരിയാ സമ്മേളനത്തിലെത്തിച്ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *