CLOSE

കളിക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, ഹലാല്‍ വിവാദത്തിനെതിരെ ബി സി സി ഐ

Share

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണത്തില്‍ ഹലാല്‍ മാംസം ഉള്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ബിസിസിഐ. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണ് എന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. എന്ത് കഴിക്കണമെന്നത് താരങ്ങളുടെ സ്വാതന്ത്ര്യമാണ്. അതില്‍ ബോര്‍ഡ് ഇടപെടാറില്ല എന്നും അദ്ദേഹം ഇന്ത്യ ടുഡേയ്യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ഡയറ്റിനെപ്പറ്റി ചര്‍ച്ച ചെയ്തിട്ടേയില്ല. അത്തരം നിര്‍ബന്ധബുദ്ധി കാണിക്കുകയുമില്ല. എങ്ങനെ ഇത്തരമൊരു ചര്‍ച്ച വന്നു എന്നത് പോലും അറിയില്ല. എന്റെ അറിവില്‍ ഡയറ്റുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല. താരങ്ങള്‍ക്ക് ഭക്ഷണ സ്വാതന്ത്ര്യമുണ്ട്. ബിസിസിഐക്ക് അതില്‍ പങ്കില്ല. ചിലപ്പോള്‍ ഏതെങ്കിലും താരങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഹലാല്‍ ഉള്‍പ്പെട്ടിട്ടുണ്ടാവും. ഇത് ബിസിസിഐ നിര്‍ദ്ദേശമല്ല. എന്ത് കഴിക്കണം, കഴിക്കരുത് എന്ന് ബിസിസിഐ ഒരിക്കലും പറയാറില്ല. താരങ്ങള്‍ക്ക് അവരവരുടെ ഭക്ഷണം തിരഞ്ഞെടുക്കാം. സസ്യാഹാരിയോ മാംസാഹാരിയോ ആവുകയെന്നതും അവരവരുടെ ഇഷ്ടമാണ്.’ അരുണ്‍ ധുമാല്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കി എന്നായിരുന്നു വാര്‍ത്ത. ഭക്ഷണത്തില്‍ പന്നിയിറച്ചിയും ബീഫും ഏതെങ്കിലും രൂപത്തില്‍ കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. വരാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായാണ് മെനു പുതുക്കിയത് എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ബിസിസിഐക്കെതിരെ നിരവധി ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *