CLOSE

ഓരോ 6 മണിക്കൂറിലും ഓര്‍മ്മ നഷ്ടപ്പെടും; ‘ഗജിനിയെ’ അനുസ്മരിപ്പിക്കുന്ന ജീവിതവുമായി ഒരു മനുഷ്യന്‍

Share

ആമിര്‍ ഖാന്‍ (Aamir Khan) ചിത്രം ഗജിനി (Ghajini) കണ്ടിട്ടുള്ളവരാകും നമ്മള്‍. ആന്റിറോഗ്രേഡ് അംനേഷ്യ (Anterograde Amnesia) എന്ന അവസ്ഥയിലൂടെ കടന്നു പോകുന്ന കഥാപാത്രമായാണ് ആമിര്‍ ഖാന്‍ ചിത്രത്തില്‍ വേഷമിട്ടത്.
ചെറിയ ഇടവേളകളില്‍ കഥാപാത്രത്തിന് ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയാണ് ചിത്രം പറയുന്നത്. ഇന്ന് ഒരുപാട്ആളുകള്‍ക്ക് ഓര്‍മ്മകള്‍ സൂക്ഷിച്ചുവെയ്ക്കാനുള്ള കഴിവ് കുറയുന്നുണ്ട്. ഇത് പലരിലും പല വിധത്തിലാണ് എന്നു മാത്രം.

ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരാളാണ് ഡാനിയല്‍ ഷ്മിത്ത് (Daniel Schmidt). ജര്‍മ്മന്‍ സ്വദേശിയായ ഡാനിയലിന് ആറ് വര്‍ഷം മുമ്ബ് ഒരു കാറപടകം സംഭവിച്ചിരുന്നു. വാഹനാപകടത്തില്‍ പെട്ട അയാളുടെ മസ്തിഷ്‌കത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഡാനിയേലിന് ആറ് മണിക്കൂര്‍ നേരത്തെ ഓര്‍മ്മകള്‍ മാത്രമേ സൂക്ഷിക്കാന്‍ കഴിയൂ. ഡാനിയല്‍ ഷ്മിത്ത് തന്റെ പഴയ ജീവിതത്തിലേക്ക് തിരികെയെത്താന്‍ ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും നടത്തി.

ആറു മണിക്കൂര്‍ മാത്രമേ ഡാനിയേലിന് കാര്യങ്ങള്‍ ഓര്‍മിക്കാന്‍ കഴിയൂ. സന്ദര്‍ശിച്ച സ്ഥലങ്ങളുടെയും പരിചയപ്പെട്ടവരുടെയും കുറിപ്പുകള്‍ എഴുതിവെച്ചില്ലെങ്കില്‍ അവ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമാകും. ‘അന്ന് ഞാന്‍ മോട്ടോര്‍വേയിലായിരുന്നു. ഒരു ട്രാഫിക് ജാം ഉണ്ടായിരുന്നു, അതില്‍ അവസാനമായി എത്തിയത് ഞാനായിരുന്നു. അപ്പോള്‍ ഒരു കാര്‍ എന്റെ പുറകില്‍ വന്നു. അത് ഏഴ് സീറ്റുള്ള വലിയൊരു കാര്‍ ആയിരുന്നു. അതിനുള്ളില്‍ ഒരു ചെറിയ കുടുംബവുമുണ്ടായിരുന്നു. ആ വാഹനത്തിന്റെ ഡ്രൈവര്‍ ഗതാഗതക്കുരുക്ക് കണ്ടില്ല. മണിക്കൂറില്‍ 128 കിലോമീറ്ററിലധികം വേഗതയില്‍ വന്ന് അയാള്‍ എന്നെ ഇടിച്ചു. മോട്ടോര്‍വേ മുഴുവന്‍ അടച്ചു. ധാരാളം പരിക്കുകള്‍ ഉണ്ടായിരുന്നു, പക്ഷേ അവ അത്ര ഗുരുതരമായിരുന്നില്ല. എന്നെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, മസ്തിഷ്‌കത്തിന് ഗുരുതരമായ ക്ഷതം സംഭവിച്ചു”, ‘ലിവിങ് വിത്തൗട്ട് മെമ്മറി’ എന്ന ഡോക്യൂമെന്ററിയില്‍ സംസാരിക്കവെ ഡാനിയേല്‍ പറഞ്ഞു.

വാഹനാപകടത്തില്‍ മസ്തിഷ്‌കത്തിലുണ്ടായ ക്ഷതം മൂലം ദീര്‍ഘകാലം ഓര്‍മ്മകള്‍ സൂക്ഷിക്കാനുള്ള കഴിവ് അദ്ദേഹത്തിന് നഷ്ടമായി. താന്‍ ചെയ്തതോ ചെയ്യേണ്ടതോ ആയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഡാനിയല്‍ വിശദമായ ഒരു ഡയറി സൂക്ഷിക്കേണ്ടതുണ്ട്.

ഈ അപകടം ഡാനിയേലിന്റെ ജീവിതം മാറ്റിമറിച്ചു. അവന്റെ പെണ്‍സുഹൃത്തുക്കള്‍ അവനില്‍ നിന്നും വേര്‍പിരിഞ്ഞു. അവന് അവരെയൊന്നും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയായി. തന്റെ മുന്‍ പങ്കാളിയായ കത്രീനയെ കണ്ടപ്പോള്‍ അപകടത്തെക്കുറിച്ച് ഡാനിയേല്‍ അവളോട് പറഞ്ഞു. മൂന്ന് ദിവസം കഴിയുന്നതിന് മുമ്ബ് വീണ്ടും കാണണമെന്നും അല്ലെങ്കില്‍ താന്‍ അവളെ മറക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ‘എനിക്ക് അവളുടെ ശബ്ദം കേള്‍ക്കണം, സംസാരിക്കണം, എല്ലാറ്റിനുമുപരിയായി പരസ്പരം കാണണം. അല്ലെങ്കില്‍ അത് അവളെ ആദ്യമായി കണ്ടുമുട്ടുന്നത് പോലെയാകും’ അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *