ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാബ്വെ, നമീബിയ, ലെസോതോ, എസ്വാതിനി, മൊസാംബീക്, മലാവി എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യു.എസ് തിങ്കളാഴ്ച മുതല്‍ യാത്ര വിലക്ക് പ്രഖ്യാപിച്ചു. മേഖലയിലെ യു.എസ് പൗരന്മാര്ക്ക് രാജ്യത്ത് പ്രവേശിക്കാം. മുന്‍കരുതലിന്റെ ഭാഗമായി ഡിസംബര്‍ മൂന്നുമുതല്‍ ന്യൂയോര്‍ക്കില്‍ മേയര്‍ കാത്തി ഹോഗല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആസ്ട്രേലിയ, ജപ്പാന്, ഇറാന്, ബ്രസീല്‍, കാനഡ, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങളും വിലക്ക് പ്രഖ്യാപിച്ചു. നെതര്‍ലന്‍ഡ്സിലേക്ക് രണ്ടു വിമാനങ്ങളിലായി എത്തിയ 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ വിമാനത്താവളത്തിനടുത്ത ഹോട്ടലില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. പുതിയ വകഭേദമാണോ എന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
നെതര്‍ലന്‍ഡ്സില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. നവംബര്‍ 24നു ദക്ഷിണാഫ്രിക്കയിലാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. പിന്നാലെ ബോട്സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തി.
ദക്ഷിണാഫ്രിക്കയിലെ ആകെ ജനസംഖ്യയില്‍ 24 ശതമാനം ആളുകള്‍ മാത്രമാണ് വാക്സിനേഷന് സ്വീകരിച്ചത്. മറ്റു രാജ്യങ്ങളില്‍ ബൂസ്റ്റര്‍ ഡോസുകള്‍ തുടങ്ങുമ്ബോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വാക്സിനേഷന് നിരക്ക് കുറവാണ്. ഒമൈക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നു വന്ന യാത്രക്കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ വകഭേദം വന്ന വൈറസ് കണ്ടെത്തിയതായി പടിഞ്ഞാറന്‍ സംസ്ഥാനമായ ഹസെയിലെ സാമൂഹികകാര്യ മന്ത്രി കെയ് ക്ലോസ് ട്വീറ്റ് ചെയ്തു.
ഒമൈക്രോണ്‍ സ്ഥിരീകരിച്ചയാളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരന് നിലവില്‍ ഐസൊലേഷനിലാണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ക്ലോസെ വ്യക്തമാക്കി. ഒമൈക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് ജര്‍മനി. നേരത്തേ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി.