ഒട്ടാവ : 2014 ല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് എം.എച്ച് 370 വിമാനം തകര്‍ന്ന സ്ഥലം കണ്ടെത്തിയതായി അവകാശവാദവുമായി ബ്രിട്ടിഷ് എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍ റിച്ചാര്‍ഡ് ഗോഡ്‌ഫ്രെ.
239 യാത്രക്കാരും ജീവനക്കാരുമായി 2014 മാര്‍ച്ചില്‍ പറന്നുയര്‍ന്ന വിമാനം അപ്രതീക്ഷിതമായി റഡാര്‍ സിഗ്നലില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഈ വിമാനത്തിനെന്ത് സംഭവിച്ചുവെന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി നിലനില്‍ക്കുമ്‌ബോഴാണ്, വിമാനം തകര്‍ന്നു വീണത് എവിടെയാണെന്ന് കണ്ടെത്തിയെന്ന് ഗോഡ്‌ഫ്രെ അവകാശപ്പെടുന്നത്. വ്യത്യസ്ത ഡേറ്റാ സെറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പഠനപ്രകാരം പടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 2,000 കിലോമീറ്റര്‍ പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനം തകര്‍ന്നു വീണുവെന്നാണ് ഗോഡ്‌ഫ്രെയുടെ വാദം. കൃത്യമായി പറഞ്ഞാല്‍ , ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏകദേശം 33 ഡിഗ്രി തെക്കും 95 ഡിഗ്രി കിഴക്കുമാണ് വിമാനം തകര്‍ന്നു വീണതെന്ന് ഗോഡ്ഫ്രെ കണക്കു കൂട്ടുന്നു.
നേരത്തെ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എം.എച്ച് 370 ന് വേണ്ടി രണ്ട് തവണ ലക്ഷക്കണക്കിന് ഡോളര്‍ ചിലവിട്ട് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ മുന്‍കാല അന്വേഷണങ്ങളെ അപേക്ഷിച്ച് പുതിയ കണ്ടെത്തലിലെ സ്ഥലം കുറച്ചു കൂടി ചെറിയ മേഖലയായതിനാല്‍ തിരച്ചില്‍ കൂടുതല്‍ എളുപ്പമാകുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വെള്ളത്തിനടിയില്‍ 4,000 മീറ്റര്‍ താഴ്ചയില്‍ വരെയാകാമെന്നാണ് നിഗമനം.
ഗോഡ്‌ഫ്രെയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 40 നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ മറ്റൊരു തിരച്ചിലിനുള്ള നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.