CLOSE

കുഞ്ഞിക്കണ്ണന്റെ കരവിരുതില്‍ തുന്നിചേര്‍ത്തത് ഉത്സവത്തിനുള്ള കൊടികളും കൊടിക്കുറകളും

Share

പാലക്കുന്നില്‍ കുട്ടി

ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കുഞ്ഞിക്കണ്ണന്റെ കരവിരുതില്‍ ഇതിനകം തുന്നി തയ്യാറാക്കിയത് നിരവധി കൊടികളും അലങ്കാരവസ്തുക്കളും. വിവിധ രൂപത്തിലും വര്‍ണ വൈവിധ്യ ങ്ങളിലും ഉത്സവകാലത്ത് ധ്വജസ്തംബങ്ങളില്‍ കൊടികള്‍ ഇളം കാറ്റില്‍ ആടികളിക്കുമ്പോള്‍ നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അതിന് പിന്നില്‍ ദിവസങ്ങളോളം മനസ്സും ശരീരവും സമന്വയിപ്പിച്ച കലാകാരന്മാരെ കുറിച്ച് ? ഇത്തവണയും തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ആറാട്ടുല്‍സവത്തിന്റെ കൊടിയേറ്റത്തിന് ധ്വജസ്തംബത്തിലേറ്റിയ കൊടി തുന്നിയുണ്ടാക്കിയത് കൊളത്തൂര്‍ ബറോട്ടിയിലെ കുഞ്ഞിക്കണ്ണന്‍ ആയിരുന്നു. കോലത്തു നാട്ടിലെ ഒട്ടനേകം ക്ഷേത്രങ്ങളിലേക്കായി കൊടിയും കൊടിക്കുറയും മേലാപ്പും മേക്കട്ടിയും തോരണങ്ങളും കുഞ്ഞിക്കണ്ണന്റെ കരവിരുതില്‍ രൂപം കൊണ്ടിട്ടുണ്ട്. തെയ്യങ്ങളുടെ ചമയ നിര്‍മാണത്തിലും കണ്ണന്‍ വൈദഗ്ദ്യം നേടിയിട്ടുണ്ട്.
20 വര്‍ഷം മുന്‍പ് പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് കുടുംബത്തോടൊപ്പം നാട്ടില്‍ സ്ഥിരതാമസമാക്കിയ കണ്ണന്‍, വസ്ത്ര വ്യാപാരത്തോടൊപ്പം തയ്യലും ഉപജീവനമാര്‍ഗമാക്കി. കോവിഡില്‍ കുരുങ്ങി വ്യാപാരം പ്രതീക്ഷിച്ചപോലെ കരയടുത്തില്ല.വസ്ത്ര നിര്‍മാണവും വിപണനവും ജീവിതമാര്‍ഗമാക്കിയ കൊളത്തൂര്‍ ബറോട്ടിയിലെ കുടുംബത്തില്‍ 15 വയസ്സു മുതല്‍ തയ്യല്‍ ജോലി ശീലിച്ച കണ്ണന്‍ ക്ഷേത്രങ്ങളിലേക്കും തറവാടുക ളിലേക്കും അലങ്കാര കോപ്പുകള്‍ ഉണ്ടാക്കി നല്‍കാന്‍ തുടങ്ങിയതോടെ ജീവിതം പച്ച പിടിക്കാന്‍ തുടങ്ങി. കൊടിയും കൊടിക്കൂറയും മേലാപ്പും അനുബന്ധ അലങ്കാര ആഡംബരങ്ങളും വാങ്ങാന്‍ ആളുകളെത്തി. ക്ഷേത്രങ്ങളിലും തറവാടുകളിലും ആചാര അനുഷ്ഠാന നിര്‍വഹണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന മേക്കട്ടി, മേലാപ്പ്, കൊടി, കൊടിക്കൂറ, തുണി തോരണങ്ങള്‍ എന്നിവ കൃത്യതയോടെ തുന്നി കിട്ടുമെന്ന് കേട്ടറിഞ്ഞവര്‍ ബറോട്ടിയിലെ കണ്ണന്റെ വീട് അന്വേഷിച്ചെത്തുന്നത് പതിവായപ്പോള്‍ അതില്‍ മാത്രമായി ശ്രദ്ധ. കരവിരുതും തയ്യല്‍ യന്ത്രത്തിന്റെ സഹായവും ഒപ്പം ഭാവനയും തുല്യ അനുപാതത്തില്‍ ഒത്തുവന്നപ്പോള്‍ ആകര്‍ഷങ്ങളായ അനുഷ്ഠാന തുണി കോപ്പുകള്‍ കണ്ണനെന്ന കലാകാരന്റെ ജീവിതോപാധിയ്ക്ക് ദൈവീകമായ ഒരു പിന്‍ബലം കൂടിയായി . തൃക്കണ്ണാട് പോലുള്ള പ്രശസ്ത ക്ഷേത്രങ്ങളുടെ ഉത്സവനാളില്‍ ആയിരങ്ങളെ സാക്ഷിയാക്കി ധ്വജസ്തംബത്തില്‍ കണ്ണന്റെ കരവിരുതിന്റെ വിസ്മയമെന്നോണം കൊടി ഉയരുമ്പോള്‍ ആത്മസംതൃപ്തിയില്‍ കണ്ണന്റെ കണ്ണ് അറിയാതെ നനഞ്ഞു പോയിട്ടുണ്ട്. ആവശ്യക്കാര്‍ ഏറിയതോടെ അതില്‍ മാത്രമായി തുന്നല്‍ ജോലി ഒതുക്കേണ്ടി വന്നു. ഇന്ന് കോലത്തുനാട്ടില്‍ ഏറെ തിരക്കുള്ള അനുഷ്ഠാന അലങ്കാര തുന്നല്‍ കലാകാരനാണ് 60 പിന്നിട്ട നാട്ടുകാരുടെ കണ്ണേട്ടന്‍.

തൃക്കണ്ണാട് ഇത്തവണ ഏറ്റിയ കൊടി തയ്യാറാക്കാന്‍ 12 ദിവസമെടുത്തുവെന്ന് അദ്ദേഹം പറയുന്നു . ഏകദേശം രണ്ട് മീറ്റര്‍ നീളമുള്ളതാണ് കൊടി. കൊടിയിലെ ഓരോ ഭാഗങ്ങളും ഏറെ സൂക്ഷമതയോടും കൃത്യതയോടും തുന്നിചേര്‍ക്കണം. ശരീരശുദ്ധിയും ഭക്ഷണനിഷ്ഠയും ശ്രദ്ധയോടെ പാലിക്കണം . പിഴവ് വന്നാല്‍ കൊടി സമര്‍പ്പിക്കാനാവില്ല എന്നാണ് വിശ്വാസം .തൃക്കണ്ണാട് ക്ഷേത്ര ആറാട്ട് ഉത്സവത്തിന് നേര്‍ചയായി സമര്‍പ്പിക്കാനുള്ള കൊടിയുടെ നിര്‍മാണ ദൗത്യം ഒരു ഭക്തനാണ് കണ്ണനെ എല്‍പിച്ചത്. 25,000 രൂപയോളം വരും ഒരു കൊടിയുണ്ടാക്കാനുള്ള ചെലവ്. മേക്കട്ടിക്കും മേലാപ്പിനും അതിലേറെയാകും. കൊടിക്കൂറയ്ക്ക് 5000 രൂപ. വലുപ്പവും മിനുക്കവും അനുസരിച്ച് വിലയില്‍ മാറ്റം വരും. കേരളത്തിന് വെളിയില്‍ നിന്നും കുഞ്ഞിക്കണ്ണന് ഇതൊക്ക ഉണ്ടാക്കി നല്‍കാന്‍ ഓര്‍ഡറുകള്‍ കിട്ടാറുണ്ടത്രെ. തന്റെ കരവിരുതില്‍ മെനഞ്ഞെടുത്ത കൊടി, ക്ഷേത്ര ധ്വജസ്തംബത്തില്‍ നൂറുകണക്കിന് വിശ്വാസികളെ സാക്ഷ്യമാക്കി ‘ഗോവിന്ദാ….ഗോവിന്ദാ….’സ്തുതികളോടെ ഏറ്റുമ്പോള്‍ കിട്ടുന്ന ആത്മ നിര്‍വൃതി തന്നെയാണ് വീണ്ടും ഈ ദൗത്യം ഏറ്റെടുക്കാന്‍ തനിക്ക് പ്രേരണയാകുന്നതെന്ന് കുഞ്ഞിക്കണ്ണന്‍ പറയുന്നു.

സര്‍വ രംഗത്തും സദാനേരം

ഒരു തയ്യല്‍ക്കാരന്‍ മാത്രമാണെന് പറഞ്ഞ് കുഞ്ഞിക്കണ്ണനെ ആര്‍ക്കും ഒതുക്കാനാവില്ല. നാട്ടിലെ സാമൂഹിക സാംസ്‌കാരിക, സാഹിത്യരംഗത്തും
നിറ സാന്നിധ്യമാണ് കൊളത്തൂരിലെ കണ്ണന്‍. നന്നായി പാടും, എഴുതും. ഗ്രന്ഥശാല പ്രവര്‍ത്തകന്‍, നാടക നടന്‍ എന്നതിലുപരി കോല്‍ക്കളി, പൂരക്കളി, ശിങ്കാരിമേളം, പഞ്ചാരി മേളം തുടങ്ങിയയും കണ്ണന് എളുപ്പം വഴങ്ങും.
ജില്ലയുടെ വിവിധ ഇടങ്ങളില്‍ വില്‍കലാമേള അവതരിപ്പിക്കാനും അവസരം കിട്ടിയിട്ടുണ്ട്.

അല്‍പ്പം കുടുംബ പുരാണം കൂടി….

പരമ്പരാഗത നെയ്ത്ത് തൊഴിലാളി കുടുംബത്തില്‍ കാണിയടുക്കം കൊറഗന്റെയും കുഞ്ഞമ്മാറമ്മയുടെയും 10 മക്കളില്‍ ഏട്ടാമന്‍. വീട്ടിലെ ദാരിദ്രം മൂലം വിദ്യാഭ്യാസം ആഗ്രഹപ്രകാരം തുടരാനായില്ല.സഹോദരനാണ് തയ്യല്‍ പഠിപ്പിച്ചത്.1993ല്‍ ഷാര്‍ജയിലെത്തി തയ്യല്‍ ജോലി ചെയ്തു.പിന്നീട് തുടങ്ങിയ ഗാര്‍മെന്റ് ബിസിനസ് പാര്‍ട്ണര്‍ ചതിച്ചപ്പോള്‍, ഉള്ളതെല്ലാം നഷ്ടപ്പെട്ട് ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു. തുടര്‍ന്നുള്ള കുഞ്ഞിക്കണ്ണന്റെ ജീവിതം ചരിത്രം. ഭാര്യ ഷീബ എല്‍ഐസി ഏജന്റ്. ഇരട്ടകളായ അനഘ ബിനീഷും അനുഷ അരുണും മക്കള്‍.

ഭാര്യ ഷീബ. ഇരട്ടകുട്ടികള്‍ അനഘ ബിനീഷ്, അനുഷ അരുണ്‍ മക്കള്‍.

Leave a Reply

Your email address will not be published.