CLOSE

ഫുള്‍ എ പ്ലസ് നേടാന്‍ 18 വര്‍ഷത്തെ കാത്തിരിപ്പിനിടയിലും പഴയ കാല അപൂര്‍വതകളുടെ പെരുമയില്‍ ബേക്കല്‍ സ്‌കൂള്‍

Share

പാലക്കുന്നില്‍ കുട്ടി

എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം നേടുന്ന ഒരു വിദ്യാലയം. പക്ഷേ പ്ലസ് 2 ഫലം എത്താറാകുമ്പോള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മുട്ട് വിറക്കും. 2004 ല്‍ ഹയര്‍ സെക്കന്ററി ആരംഭിച്ചതു മുതല്‍ ബേക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് 2 പരീക്ഷയുടെ ഫലം അത്ര തൃപ്തികരമല്ല. പരീക്ഷഎഴുതിയവരില്‍ പകുതിയിലേറെ പേര്‍ക്ക് തോല്‍വി പതിവ് രീതിയാണിവിടെ. ഫുള്‍ എ പ്ലസ് എന്നത് തീര്‍ത്തും അപ്രാപ്യമായ കിട്ടാക്കനിയാണെന്ന് നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പ് സാക്ഷ്യം. നാട്ടിലെ ഇഷ്ടപ്പെട്ട മറ്റു സ്‌കൂളുകളില്‍ പ്രവേശനം കിട്ടാത്തവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം നല്‍കുന്ന ഒരിടം എന്ന ‘ദുഷ്‌പ്പേരും’ ബേക്കല്‍ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ സ്ഥിതിയാകെ മാറിതുടങ്ങിയിട്ടുണ്ട്. ഒരു കുട്ടിക്കെങ്കിലും എ പ്ലസ് കിട്ടാന്‍ നീണ്ട 18 വര്‍ഷം കാത്തിരുന്നിടത്ത് ഇത്തവണ ഫലം വന്നപ്പോള്‍ ഗ്രേസ് മാര്‍ക്ക് ഇല്ലാഞ്ഞിട്ടും 4 കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ലസ് എന്ന അപൂര്‍വ ബഹുമതി ബേക്കല്‍ സ്വന്തമാക്കി. ആ കുട്ടികള്‍ ഇന്ന് നാട്ടിലെ താരങ്ങളാണ്. വിജയ ശതമാനത്തിലും ഇവിടെ വര്‍ധനവുണ്ടായിട്ടുണ്ട്.

ഇത്തവണ ഫലം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രിന്‍സിപ്പാളും അധ്യാപകരും. അത്രയേറെ അവര്‍ അതിനായി മിനക്കെട്ടിട്ടുണ്ടാകും. ഈ ചരിത്ര വിജയം സമ്മാനിച്ച അഭിനവ് ഹരിഹരന്‍, ഫൈറൂസ, കെ.സിദ്ധാര്‍ഥ്, യു.എസ്.പ്രവീണ എന്നിവര്‍ സ്‌കൂളിലെ സെക്കന്ററി വിഭാഗ ചരിത്ര പുസ്തകത്തില്‍ എന്നും അറിയപ്പെടും. നേരിട്ട് കണ്ട് അനുമോദിക്കാനും മധുരം പങ്കിടാനും പ്രിന്‍സിപ്പാളും അധ്യാപകരും അവരുടെ വീടുകളിലെത്തിയതും പുത്തന്‍ അനുഭവമായി. സ്‌കൂളില്‍ പൊതുവെയും ഹയര്‍ സെക്കന്ററിയില്‍ പ്രത്യേകിച്ചും ഉണ്ടാകുന്ന കുട്ടികളുടെ കൊഴിഞ്ഞു പോക്കും പഠനമികവിലെ പോരായ്മകളും കണ്ടെത്തി ഇതിനൊരു മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവില്‍ ആറ് മാസം മുന്‍പ് ചാര്‍ജെടുത്ത പ്രിന്‍സിപ്പാളും അധ്യാപകരും പിടിഎ യും, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും (എസ്എംസി) ഒപ്പം പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകളും നാട്ടുകാരും കൈകോര്‍ത്തു.വൈകിയാണെങ്കിലും ആ ശ്രമം ഫലം കണ്ടു. ഇത്തവണ പ്ലസ് 2 ഫലം വന്നപ്പോള്‍ തന്നെ ഈ സ്‌കൂളിനെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അതിരറ്റ് സന്തോഷിക്കാന്‍ നിമിത്തമായെന്ന് മാത്രമല്ല, സ്‌കൂളിന്റെ മുന്നോട്ടുള്ള യാത്രയില്‍ കുട്ടികളുടെ കൊഴിഞ്ഞു പോക്കിലെ ആശങ്കയും വഴിമാറികിട്ടുമെന്നും പ്രത്യാശിക്കാം. ഇതുവരെ അന്യം നിന്ന ‘മുഴുവന്‍ എ പ്ലസ്’ എന്ന മികവിന്റെ പെരുമ തുടര്‍ന്നും നിലനിര്‍ത്താനും അതിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങള്‍ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. പഠിക്കാന്‍ ആളും പഠിക്കാനുള്ള ഭൗതിക സാഹചര്യങ്ങളും മാത്രം ഉണ്ടായാല്‍ പഠനനിലവാരം ഉയരണമെന്നില്ല. പഠിപ്പിക്കേണ്ടവര്‍ കൂടി അതീവ ശ്രദ്ധ ചെലുത്തിയാലേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളൂ. അതിന്റെ തുടക്കമാണ് ഇപ്പോള്‍ കണ്ടുതുടങ്ങിയത്.

കാരണങ്ങള്‍

സ്‌കൂളിലെ പഠന നിലവാരം കുറഞ്ഞു പോകാനുള്ള കാരണങ്ങള്‍ ചികഞ്ഞു നോക്കിയാല്‍ ഒട്ടേറെ കാര്യങ്ങള്‍ പലര്‍ക്കും പറയാനുണ്ടാകും.
പ്രൊമോഷന്‍ കിട്ടി തെക്കന്‍ ജില്ലകളില്‍ നിന്ന് വരുന്നവര്‍ ഇവിടെ ആ സ്ഥാനം ഏറ്റെടുത്ത ഉടനെ അവരുടെ തട്ടകങ്ങളിലേക്ക് സ്ഥലമാറ്റം വാങ്ങി പോകുന്ന പ്രവണത കുട്ടികളുടെ പഠനത്തെ ബാധിച്ചു. ‘പ്രതിബദ്ധത’ എന്ന മഹനീയത അവര്‍ക്ക് സ്വന്തം നാട്ടിലേക്കുള്ള സ്ഥലംമാറ്റത്തില്‍ ഒതുങ്ങി പോകുമ്പോള്‍ ബേക്കല്‍ പോലുള്ള സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ കാസര്‍കോട് ജില്ലയില്‍ പലേടത്തുമുണ്ടാവുന്നു. സര്‍ക്കാര്‍ സ്‌കൂളിനെക്കാള്‍ ഐഡഡ് സ്‌കൂളുകളിലെ പഠനമികവും തുടര്‍ന്നുള്ള വിജയവും മെച്ചപ്പെടുന്നത് ഈ കാരണങ്ങളാലാണെന്ന് സമ്മതിക്കേണ്ടിവരും. സ്‌കൂളുകളിലെ പ്രഥമാധ്യാപകരും പ്രിന്‍സിപ്പാള്‍മാരും അതാത് നാട്ടില്‍ നിന്നുള്ളവരായിരിക്കണം. കാറ്റ് മാറി വീശിത്തുടങ്ങിയതോടെ പ്ലസ് 2 പഠനം ഇനി ഇവിടെ മതിയെന്ന് പലരും ചിന്തിക്കാന്‍ തുടങ്ങുമെന്ന് പ്രിന്‍സിപ്പാള്‍ എം.കെ. മുരളിയും പിടിഎ പ്രസിഡന്റ് കെ.വി.ശ്രീധരനും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സി. എച്ച്. നാരായണനും വര്‍ക്കിംഗ് ചെയര്‍മാനും ഈ സ്‌കൂളിലെ മുന്‍ അധ്യാപകനും പ്രിന്‍സിപ്പാളുമായിരുന്ന കെ.ജി. അച്യുതനും പ്രത്യാശ പ്രകടിപ്പിക്കുന്നതും വെറുതെയാവില്ല.

അല്പം ചരിത്രം

അരാനൂറ്റാണ്ട് മുന്‍പ് ഉദുമ പഞ്ചായത്തിലെ പേരും പെരുമയുമുള്ള ഏക ഹൈസ്‌കൂളായിരുന്നു ഇത്. ഉദുമ, ചെമ്മനാട്, പള്ളിക്കര, തച്ചങ്ങാട് എന്നിവിടങ്ങളില്‍ ഹൈസ്‌കൂള്‍ വന്നത് പിന്നീടായിരുന്നു. അന്നത്തെ ഏക പരീക്ഷാകേന്ദ്രവും ബേക്കല്‍ മാത്രമായിരുന്നു. പ്രഗത്ഭരായ ഒട്ടേറെപേര്‍ ഇവിടെ ഹെഡ്മാസ്റ്റര്‍ന്മാരായി സേവനമനുഷ്ഠിച്ചിരുന്നു. ഈ സ്‌കൂളിന്റെ വസന്തകാലമായിരുന്നു അത്. ഇവിടെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി അത്യുന്നത പദവിയില്‍ നിന്ന് വിരമിച്ച ഒട്ടനവധി പേര്‍ ഈ സ്‌കൂളിന്റെയും നാടിന്റെയും അഭിമാനമായിരുന്നു. അതില്‍ ഐഎഎസ്, ഐപിഎസ്, ശാസ്ത്രജ്ഞന്മാര്‍, ജിയോളിജിസ്റ്റുകള്‍, പ്രൊഫസന്മാര്‍, സാഹിത്യകാരന്മാര്‍, അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഡോക്ടമാര്‍, എഞ്ചിനീയര്‍മാര്‍, വ്യവസായ പ്രമുഖര്‍ മുതല്‍ മറ്റുയര്‍ന്ന ഔദ്യോഗിക പദവികളില്‍ പേരും പ്രശസ്തിയും നേടിയ എത്രയോ പേരുണ്ട്. ആ പട്ടിക ഏറെ വലുതാണ്. 1957ല്‍ ആദ്യത്തെ എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥി കോട്ടിക്കുളത്തെ എ.കെ. ഷാ മെഡിസിനില്‍ പിജിവരെ നേടി പ്രശസ്തനായ, നാട്ടിലെ ആദ്യത്തെ ഡോക്ടറായിരുന്നു. മികവ് പറയാന്‍ ഏറെയുണ്ട്. അതാണ് ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂള്‍. ഇന്നത് ഹയര്‍ സെക്കന്‍ഡറിയാണ്.

കപ്പലില്‍ ജോലി

കപ്പല്‍ ജീവനക്കാരുടെ തട്ടകമാണ് ഈ നാട്.ഇവിടത്തെ സാമ്പത്തിക ഉയര്‍ച്ചയില്‍ മുഖ്യ പങ്കാളികളാണവര്‍. എഴുപതുകളില്‍ ഇവിടെ നിന്ന് അന്നം തേടി കപ്പലുകളില്‍ ജോലിതേടി പോയവരില്‍ നല്ലൊരു ശതമാനം യുവാക്കളും ഈ സ്‌കൂളിലാണ് എസ്എസ്എല്‍സി വരെ പഠിച്ചത്. ഇവിടത്തെ നേവല്‍ എന്‍സിസി പരിശീലനം കപ്പലുകളില്‍ ജോലി കിട്ടാന്‍ അവര്‍ക്ക് ഏറെ സഹായകമായിരുന്നു. തങ്ങളുടെ ഹൈസ്‌കൂള്‍ പഠനത്തിന് നേര്‍വഴി നയിച്ച ഈ സരസ്വതി ക്ഷേത്രത്തില്‍ പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മകളുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണെന്ന് പറയാതെ വയ്യ. ഒട്ടേറെ പ്രവാസികളും ഈ സ്‌കൂളില്‍ നിന്നാണ് സെക്കന്ററി സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി അവരുടെ തുടര്‍ ജീവിതം ഭദ്രമാക്കിയത്. പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാന്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം അനിവാര്യമാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ സ്‌കൂളിന് വേണ്ടി സ്ഥലം വിട്ടു നല്‍കിയ ഡോ.പി. ഗോപാല്‍ റാവുവിനെ സ്മരിക്കാന്‍ കൂടി ഈ അവസരം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ ഈ ലേഖകന്‍ വിനിയോഗിക്കുന്നു.

Leave a Reply

Your email address will not be published.