കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കുന്ന രണ്ടാമത്തെ കാറായ സിട്രോണ്‍ സി3 നിരത്തിലിറങ്ങി. 5.70 ലക്ഷം രൂപ മുതല്‍ 8.05 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. രാജ്യത്തുടനീളം 19 നഗരങ്ങളിലായി 20 ല മസൈന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ വഴിയാണ് വില്‍പ്പന. പൂര്‍ണമായും ഓണ്‍ലൈന്‍ ആയും വാങ്ങാം. കേരളത്തില്‍ കൊച്ചിയിലും കോഴിക്കോടുമാണ് ല മൈസന്‍ സിട്രോണ്‍ ഷോറൂമുകള്‍ ഉള്ളത്. ബി സെഗ്മെന്റ് ഹാച്ച്ബാക്കായ സി3യുടെ 90 ശതമാനം നിര്‍മാണവും തമിഴ്നാട്ടിലെ തിരുവള്ളൂരിലും ഹുസൂറിലുമുള്ള പ്ലാന്റുകളിലാണ്. ഇന്ത്യന്‍ നിരത്തുകള്‍ക്കുവേണ്ടി പ്രത്യേകമായി രൂപകല്പനചെയ്ത ഈ ബി സെഗ്മെന്റ് ഹാച്ച്ബാക്ക് മികച്ച ഇന്ധന ക്ഷമതയുള്ള 1.2 നാച്വറലി അസ്പിരേറ്റഡ് (5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍), 1.2 ടര്‍ബോ ചാര്‍ജ്ഡ് (6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) പെട്രോള്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. വ്യത്യസ്ത ഫീച്ചറുകളോടെ ആറു വേരിയന്റുകളാണുള്ളത്. 10 കളര്‍ കോമ്പിനേഷനുകളും ഉപഭോക്താക്കള്‍ക്ക് അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന 56 കസ്റ്റമൈസേഷന്‍ ഒപ്ഷനുകളുള്ള മൂന്ന് പാക്കുകളും ലഭ്യമാണ്. രണ്ടു വര്‍ഷം അല്ലെങ്കില്‍ 40000 കിലോമീറ്റര്‍ വരെയാണ് വാറന്റി. നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് കാര്‍ വാങ്ങാനും 90 നഗരങ്ങളില്‍ ഹോം ഡെലിവറി സൗകര്യവും സിട്രോണ്‍ ഒരുക്കിയിട്ടുണ്ട്.
180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, പനോരമിക് എക്സ്റ്റീരിയര്‍ വ്യൂ സാധ്യമാകുന്ന ഇന്റീരിയര്‍ റൂം, 26 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഉള്ള വയര്‍ലെസ്സ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വിശാലമായ ഹെഡ് സ്‌പേസും ബൂട്ട് സ്‌പേസും തുടങ്ങി നിരവധി സവിശേഷതകളും ഉണ്ട്. വിപണിയില്‍ മാറിവരുന്ന വാഹന അഭിരുചികള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്ത സിട്രോണ്‍ സി3 യുവജനങ്ങള്‍ക്കിടയില്‍ സ്‌റ്റൈല്‍ ഐക്കണായി മാറുമെന്ന് സിട്രോണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ഹെഡ് സൗരഭ് വത്സ പറഞ്ഞു. സിട്രോണിന്റെ ജനപ്രിയ മോഡലായ സി3യുടെ വരവോടെ ഇന്ത്യയില്‍ പുതിയൊരു അധ്യായത്തിനാണ് തുടക്കമിടുന്നത്. 2019ല്‍ സിട്രോണ്‍ അവതരിപ്പിച്ച സിക്യൂബ്ഡ് പ്രോഗ്രാമില്‍ ഉള്‍പ്പെട്ട മൂന്ന് കാറുകളില്‍ ആദ്യത്തേതാണ് സി3. അന്താരാഷ്ട്ര വിപണി കൂടി ലക്ഷ്യമിട്ട് 2024ഓടെ മൂന്ന് മോഡലുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയാണിത്.