CLOSE

സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച മുന്നേറ്റം; 272 കോടി രൂപ അറ്റാദായം

Share

കൊച്ചി: 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന അറ്റാദായം. 3906 ശതമാനം വാര്‍ഷിക വര്‍ധനയോടെ 272.04 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6.79 കോടി രൂപയായിരുന്നു ഇത്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ബാങ്കിന്റെ അറ്റാദായം 44.98 കോടി രൂപയാണ്. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 9.59 ശതമാനം വര്‍ധിച്ച് 85,320 കോടി രൂപയിലെത്തി. സേവിങ്സ് നിക്ഷേപം 22.06 ശതമാനവും കറന്റ് നിക്ഷേപം 12.49 ശതമാനവും വര്‍ധിച്ച് യഥാക്രമം 24,740 കോടി രൂപയും 4,862 കോടി രൂപയിലുമെത്തി. കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്സ് അക്കൗണ്ട്) നിക്ഷേപം 20.38 ശതമാനം വര്‍ധിച്ച് 29,601 കോടി രൂപയായി. പ്രവാസി നിക്ഷേപം 6.13 ശതമാനം വര്‍ധിച്ച് 27,441 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 25,855 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ അനുപാതം മെച്ചപ്പെട്ട് 33.21 ശതമാനത്തിലെത്തി.

വായ്പാ വിതരണത്തില്‍ 4.04 ശതമാനം വളര്‍ച്ച കൈവരിച്ചു. 61,816 കോടി രൂപയാണിത്. കാര്‍ഷിക വായ്പകള്‍ 14.46 ശതമാനവും സ്വര്‍ണ വായ്പകള്‍ 19.64 ശതമാനവും വര്‍ധിച്ചു. വാഹന വായ്പകളില്‍ 29.76 ശതമാനമാണ് വര്‍ധന.

മൂലധന പര്യാപ്തതാ അനുപാതം 15.86 ശതമാനമാണ്. മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 6.97 ശതമാനത്തില്‍ നിന്നും 5.90 ശതമാനമാക്കി കുറച്ച് നില മെച്ചപ്പെടുത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 4.71 ശതമാനത്തില്‍ നിന്നും ഇത്തവണ 2.97 ശതമാനമാക്കി കുറച്ചു. 69.55 ശതമാനമാണ് നീക്കിയിരുപ്പ് അനുപാതം.

കാസ, റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍, കോര്‍പറേറ്റ് അക്കൗണ്ടുകള്‍, സ്വര്‍ണ, വാഹന വായ്പകള്‍ എന്നിവയില്‍ പ്രതീക്ഷിച്ചതു പോലെ വളര്‍ച്ച കൈവരിക്കാന്‍ ബാങ്കിനു കഴിഞ്ഞതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. ഡിജിറ്റല്‍ ബാങ്കിങ്, ബ്രാഞ്ച് ഘടനാ പരിഷ്‌കരണം, ആസ്ഥി ഘടന, പുതിയ ബിസിനസ് സ്രോതസ്സുകള്‍, ഡേറ്റ സയന്‍സ് ശേഷി, നൈപുണ്യ വികസനം, ജീവനക്കാര്‍ക്ക് കൂടുതല്‍ പങ്കാളിത്തവും പ്രചോദനവും നല്‍കല്‍, കളക്ഷന്‍, റിക്കവറി സംവിധാനം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാങ്കില്‍ വലിയ മാറ്റങ്ങളുണ്ടായതായും അദ്ദേഹം പറഞ്ഞു. 2023 സാമ്പത്തിക വര്‍ഷം ബിസിനസ് വായ്പകള്‍, സ്വര്‍ണ വായ്പകള്‍, എസ്എംഇ മേഖല എന്നിവയ്ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുക. മികച്ച റേറ്റിങ്ങുള്ള പോര്‍ട്ട്‌ഫോളിയോയും ഗുണമേന്മയും നിലനിര്‍ത്തുന്ന കോര്‍പറേറ്റ് ബാങ്കിങ് ഇടപാടുകാരെ ബാങ്ക് ആകര്‍ഷിക്കും. തുടര്‍ച്ചയും സുസ്ഥിരതയുമുള്ള ബിസിനസ് വളര്‍ച്ച നേടി എടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഇന്ത്യയിലുടനീളം 928 ശാഖകളും 1149 എടിഎമ്മുകളും 121 സി ഡി എം / സി ആര്‍ എം കേന്ദ്രങ്ങളുമുണ്ട്. കൂടാതെ ദുബായില്‍ ഒരു ഓഫീസും പ്രവര്‍ത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *