CLOSE

കൊച്ചി ആസ്ഥാനമായ ടിങ്കര്‍ഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംങ്

Share

കൊച്ചി: വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സാങ്കേതികവിദ്യാ പഠനസംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍പ്രോഫിറ്റ് സ്റ്റാര്‍ട്ടപ്പായ ടിങ്കര്‍ഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംങ് ലഭിച്ചു. ഫിന്‍ടെക് ഭീമനായ സെറോധയാണ് (Zerodha) ഫണ്ടിങിന് പിന്നില്‍. ഇന്ത്യയില്‍ സ്വതന്ത്ര ഓപ്പന്‍ സോഴ്‌സ് കോഡിങ് സംസ്‌കാരം വളര്‍ത്തുന്നതിനായി സെറോധയും ഇആര്‍പിനെക്സ്റ്റും (ERPNext) സ്ഥാപിച്ച സന്നദ്ധ സംഘടനയായ ഫോസ് യുണൈറ്റഡ് (FOSS United) വഴിയാണ് ഫണ്ട് ലഭ്യമാക്കിയത്. സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും ഓപ്പന്‍ ലേണിങ്ങിന് ആവശ്യമായ ഇടം ഒരുക്കാനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുമായാണ് മൂന്ന് വര്‍ഷത്തെ കാലാവധിയിലേക്ക് ഒരു കോടി രൂപയുടെ ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്.

ഒത്തുച്ചേര്‍ന്ന് പഠിക്കാനും (ടിങ്കറിംങ്) പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും യുവാക്കളെ പ്രാപ്തരാക്കുക എന്ന ആശയത്തിന്റെ പ്രതിരൂപമാണ് ടിങ്കര്‍ഹബ്ബെന്ന് സെറോധ സിടിഒ കൈലാഷ് നാഥ് അഭിപ്രായപ്പെട്ടു. ഇത്തരമൊരു സമീപനം സമൂഹത്തില്‍ തീര്‍ച്ചയായും വളരണമെന്ന ബോധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ടിങ്കര്‍ഹബ്ബെന്നും അദ്ദേഹം പറഞ്ഞു. പഠനത്തിനും പങ്കാളിത്തത്തിനും സാമൂഹിക ഇടങ്ങള്‍ അനിവാര്യമാണ്. ഇത്തരം പങ്കാളിത്തങ്ങളില്‍ നിന്നാണ് നൂതനാശയങ്ങളും സംരംഭങ്ങളും ഉടലെടുക്കുന്നത്. ഓണ്‍ലൈനില്‍ ഇത്തരം സ്‌പേസുകള്‍ ധാരാളമുണ്ട്. എന്നാല്‍ ഓഫ് ലൈനില്‍ ഇല്ലെന്ന് തന്നെ പറയാം. ടിങ്കര്‍ഹബ് വിഭാവനം ചെയ്യുന്ന കമ്മ്യൂണിറ്റി ഇടങ്ങള്‍ ഈ വിടവ് നികത്താനുള്ള ശ്രമമാണെന്നും കൈലാഷ് നാഥ് വ്യക്തമാക്കി.

സ്‌ക്കില്ലിംഗ് ആഗ്രഹിക്കുന്ന ആര്‍ക്കും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സാങ്കേതിക വിദ്യാ നൈപുണികള്‍ സൗജന്യമായി നേടാന്‍ അവസരം നല്‍കുന്ന ടിങ്കര്‍ഹബ്ബിന്റെ പുതിയ ഉദ്യമമാണ് ടിങ്കര്‍സ്‌പേസ്. ജോലി സാധ്യത വര്‍ധിപ്പിക്കുന്നതിനോടൊപ്പം സംരംഭകത്വം വളര്‍ത്താനും ലക്ഷ്യമിട്ട് ആരംഭിക്കുന്ന ടിങ്കര്‍സ്‌പേസ് കളമശ്ശേരിയില്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും.

ഇന്ത്യയിലെ പ്രമുഖ ടെക്‌നോളജി കമ്പനിയായ സെറോധയില്‍ നിന്നുള്ള ഫണ്ടിംങ്, ടിങ്കര്‍ഹബ്ബിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് സിഇഒയും കോഫൗണ്ടറുമായ മൂസ മെഹര്‍ എം.പി പറഞ്ഞു. ടിങ്കര്‍ഹബ് സൃഷ്ടിക്കുന്ന മാതൃകയ്ക്ക് ഈ ഫണ്ടിംങ് വിശ്വാസ്യത നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ഇത്തരം ഫണ്ടിംങിനെ ആശ്രയിച്ചാണ് ടിങ്കര്‍ഹബ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ചെറു പഠനസംഘമായി 2014-ല്‍ ആരംഭിച്ച ടിങ്കര്‍ഹബ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു വലിയ സംഘടനയായി ഇതിനകം വികാസം പ്രാപിച്ചിട്ടുണ്ടെന്നും മൂസ മെഹര്‍ വ്യക്തമാക്കി.

ക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി ചെറു പരസ്പര പഠന സഹായസംഘങ്ങള്‍ സൃഷ്ടിക്കുകയാണ് ടിങ്കര്‍ഹബ് ചെയ്യുന്നത്. കേരളത്തില്‍ 75 കോളേജ് ക്യാമ്പസുകളിലായി 14,000-ലേറെ രജിസ്റ്റേഡ് അംഗങ്ങള്‍ ടിങ്കര്‍ഹബ്ബിനുണ്ട്. ചെറു സുഹൃദ്‌സംഘങ്ങളായി സ്വയം പഠിച്ച് ഓരോ വ്യവസായ മേഖലയ്ക്കും ആവശ്യമായ വൈദഗ്ധ്യം കൈവരിക്കാന്‍ ടിങ്കര്‍ഹബ് സൗകര്യം ഒരുക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ടിങ്കര്‍ഹബ് 44,000-ത്തോളം പഠിതാക്കളെ ഉള്‍പ്പെടുത്തുകയും 3,900 പ്രോജക്റ്റുകള്‍ സോഫ്റ്റവെയര്‍ വികസനത്തിനുള്ള ഇന്റര്‍നെറ്റ് ഹോസ്റ്റിങ് സേവനമായ ഗിറ്റ്ഹബ്ബില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *