CLOSE

നെഞ്ചില്‍ തട്ടിയ പാട്ട്; നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി സംഗീതലോകം

Share

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി സംഗീത ലോകം. ഗായികമാരായ സിതാര, സുജാത, സംഗീത സംവിധായകരായ ബിജിബാല്‍, അല്‍ഫോണ്‍സ് ജോസഫ്, ജേക്‌സ് ബിജോയ്, ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍ എന്നിവരാണ് രംഗത്തെത്തിയത്. ‘സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കില്‍ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്. നഞ്ചിയമ്മ’ എന്നാണ് ബിജിബാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. നഞ്ചിയമ്മയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നേരത്തേ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനും നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗോത്രവര്‍ഗ്ഗത്തില്‍പ്പട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വര്‍ഗ്ഗത്തില്‍ ഉള്ള ഒരാളെ ഉദ്ധരിക്കാന്‍ കൊടുത്ത അവാര്‍ഡ് ആണ് ഇത് എന്ന രീതിയിലും ഉള്ള പ്രതികരണങ്ങളോട് വിയോജിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. പാട്ട് വരേണ്ടത് നെഞ്ചില്‍ തട്ടിത്തെറിച്ചാണെന്ന് ഗായിക സിതാരയും പ്രതികരിച്ചു. സംഗീതത്തിന് വേണ്ടി ജീവിച്ചവര്‍ക്ക് നഞ്ചിയമ്മയുടെ പുരസ്‌കാരം അപമാനമായി തോന്നില്ലേ എന്നായിരുന്നു സംഗീതജ്ഞന്‍ ലിനു ലാല്‍ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചോദിച്ചത്. നിരവധി പേരാണ് ഇതില്‍ പ്രതികരണവുമായി ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.

നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ചുകൊണ്ട് ലിനുലാല്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് കമന്റ് ആയാണ് അല്‍ഫോണ്‍സ് ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഞാന്‍ നഞ്ചിയമ്മയുടെ കൂടെ നില്‍ക്കുന്നു. അവരെ മികച്ച ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവര്‍ഡ് ജൂറിയുടെ പ്രവൃത്തിയില്‍ ഞാന്‍ അവരെ പിന്തുണക്കുകയാണ്. സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ല. അതിന് സാധിക്കില്ലെങ്കില്‍ ഞാന്‍ പഠിക്കാന്‍ തയ്യാറല്ല. വര്‍ഷങ്ങളെടുത്ത് പരിശീലിക്കുന്നതോ പഠിക്കുന്നതോ അല്ല കാര്യം. നിങ്ങളുടെ ആത്മാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും നിങ്ങള്‍ എന്താണ് നല്‍കിയത് എന്നതാണ് പ്രധാനം. ഇതാണ് എന്റെ കാഴ്ചപ്പാട്.’ അല്‍ഫോണ്‍സ് ജോസഫ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *