CLOSE

ഉച്ചക്കഞ്ഞി:കുരുന്നുകളോട് കരുതല്‍ വേണം

Share

എഴുത്തുപുര

നമ്മുടെ കുരുന്നുകളും സ്‌കൂളില്‍ പോയിത്തുടങ്ങി. റോഡുകള്‍ പൂമ്പാറ്റ സൃദ്ധങ്ങളായി നീണ്ട രണ്ടര വര്‍ഷത്തെ ഇടവേള നല്‍കിയ മടുപ്പ് മാറിത്തുടങ്ങി. ചരല്‍ വിരിച്ചു നില്‍ക്കുന്ന കളിസ്ഥലങ്ങളില്‍ ചിത്രശലഭങ്ങള്‍ പോലെ കുട്ടികള്‍ പാറി നടക്കുന്നത് കാണാനെന്തു ചന്തം.

പുതിയ അദ്ധ്യായന വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞതോടെ വന്നു തുടങ്ങി വിവാദങ്ങള്‍. കുട്ടികളിലെ ഭക്ഷ്യ വിഷബാധയായിരുന്നു ഇന്നത്തെ ചിന്താ വിഷയം. സ്‌കുളിലെ ഉച്ചക്കഞ്ഞിയുടെ നടത്തിപ്പൊക്കെ നേരിട്ടു കണ്ടു മനസിലാക്കാന്‍ ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ സ്‌കൂളിലേക്ക് ചെന്നിരുന്നു. സമയം ഉച്ചയായപ്പോള്‍ കുട്ടികളോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു. പോട്ടം പിടിച്ചു. പത്രങ്ങളില്‍ പടം വന്നു.
പക്ഷെ മന്ത്രിക്ക് പുത്തരിയില്‍ തന്നെ കല്ലുകടി കിട്ടി. ഉച്ചക്കഞ്ഞിയില്‍ തലമുടി. സംഭവ ബഹുലമായ സംഭവം നടന്നത് കോട്ടണ്‍ ഹില്‍ എല്‍.പി.സ്‌കൂളിലായിരുന്നു.

ഇനി രണ്ടു വാക്ക്.

നമുക്കിടയില്‍ ഇന്നു വേരുറച്ചു കഴിഞ്ഞ ഉച്ചക്കഞ്ഞിയുടെ ചരിത്രത്തിലേക്ക് നോക്കാം. 1960 ലാണ് തുടക്കം. തമിഴ്‌നാട് മുഖ്യമന്ത്രി (പഴയ മദ്രാസ്) കാമരാജാണ് തുടക്കക്കാരന്‍. ശേഷം എം.ജി.ആര്‍ ഏറ്റെടുത്ത് പത്താംക്ലാസ് വരെയാക്കി. കാമരാജ് ഉച്ചഭക്ഷണ പരിപാടി തുടങ്ങിയതിനെക്കുറിച്ച് രസകരമായൊരു കഥയുണ്ട്. തിരുനെല്‍വേലി ജില്ലയിലെ ഒരു ഗ്രാമത്തിലൂടെ മുഖ്യമന്ത്രി കടന്നു പോകുന്നു. റെയില്‍വേ ഗേറ്റ് കുറുകെ അടഞ്ഞു കിടക്കുന്നു. തുറക്കാന്‍ സമയമെടുക്കും. പുല്‍മേടിലൂടെ അല്‍പ്പ സമയം ഉലാത്താമെന്ന് കരുതി അദ്ദേഹം കാറില്‍ നിന്നുമിറങ്ങി. കുറച്ചു കുട്ടികള്‍ അവിടെ പുല്‍മേടില്‍ ആടുകളേയും പശുക്കളേയും മേച്ചു നടക്കുന്നു. അതില്‍ ഒരു കുട്ടിയോട് മുഖ്യമന്ത്രി ചോദിച്ചു നീയെന്താടാ സ്‌കൂളില്‍ പോവാതെ കറങ്ങി നടക്കുന്നു? ഒട്ടിയ വയറുള്ള ആ കുട്ടി തിരിച്ചു ചോദിച്ചു. സ്‌കൂളില്‍ പോയാല്‍ വിശക്കുമ്പോള്‍ ആരു ഭക്ഷണം തരും? കുട്ടികള്‍ക്ക് ഉച്ചക്ക് ഭക്ഷണം കൊടുക്കാന്‍ കാമരാജിനെ പ്രരിപ്പിച്ചത് ആ മറുചോദ്യമാണ്. പട്ടിണി കിടന്നു ശീലിച്ചവര്‍ക്കേ ആ ആട്ടിടയനായ കുട്ടിയുടെ വിശപ്പറിയൂ. കാമരാജിന് വിശപ്പറിയാം. ജീവിതം പഠിപ്പിച്ചു തന്നത്.

പൊതു പ്രവര്‍ത്തകനായ മധു മുതിയക്കാല്‍ സി.പി.ഐ.എമ്മിന്റെ ഉദുമാ ഏരിയാ സെക്രട്ടറിയാകുന്നതിനു മുമ്പേ ശിശുക്ഷേമ സമിതിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. (2019 മാര്‍ച്ച്) അന്നാണ് മധുരം പ്രഭാതം പദ്ധതി ജില്ലയില്‍ നടപ്പില്‍ വരുന്നത്. രാവിലെ പ്രാതല്‍ കഴിക്കാന്‍ വഴിയില്ലാതെ ഒഴിഞ്ഞ വയറുമായി ജില്ലക്കകത്തെ 1600ല്‍പ്പരം കുട്ടികള്‍ ക്ലാസിലെത്തുന്നുണ്ടെന്ന് മധുവിന്റെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തി. മധുരം പ്രഭാതം പദ്ധതി ജില്ലയില്‍ നടപ്പിലാവാന്‍ നിമിത്തമായത് ഈ കണ്ടെത്തലാണ്. ഇന്ന് ആ പദ്ധതി നിലവിലുണ്ടോ എന്തോ. അതോ അമേരിക്കയുടെ കേയര്‍ പോലെ ഇതും ഇടക്ക് നിലച്ചുവോ?

കേയര്‍ എന്താണെന്ന് നോക്കാം.

തുടക്കം കേയര്‍ പദ്ധതി ഉപ്പുമാവിലായിരുന്നു. ദരിദ്ര രാഷ്ട്രങ്ങളിലെ കുട്ടികള്‍ക്കു പോക്ഷഹാകാരം എന്ന നിലയില്‍ അന്താരാഷ്ട്ര ആരോഗ്യപരിപാലന സംഘടന സൗജന്യമായി ഉപ്പുമാവും, ഭക്ഷ്യ എണ്ണയും നല്‍കും. പദ്ധതിതിയുടെ ചുരുക്കപ്പേരാണ് കേയര്‍. (കോ-ഓപ്പറേറ്റീവ് ഫോര്‍ അമേരിക്കന്‍ റിലീഫ്) ഇതു തുടങ്ങിയത് 1962ലാണ്. ലോവര്‍ പ്രൈമറി തലത്തില്‍ മാത്രമായിരുന്നു വിതരണം. എന്നാല്‍ 1986 ല്‍ അവരിത് നിര്‍ത്തി. ഇന്ത്യയുടെ പട്ടിണി അവസാനിച്ചു എന്ന ഡബ്ല്യൂഎച്ച്ഒയുടെ കണ്ടെത്തലാണ് അതിനു കാരണം. പിന്നീട് 1984 ലെ സര്‍ക്കാരാണ് ഈ പദ്ധതി സ്വന്തം ചിലവില്‍ കേരളത്തില്‍ ആരംഭിക്കുന്നത്. 1987 മുതല്‍ കഞ്ഞിയും പയറുമായി. പിന്നീട് അത് ഊണായി മാറുകയായിരുന്നു. 2001ല്‍ സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം വന്നതോടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ഭക്ഷണം നിയമപരവും, ഭരണകര്‍ത്താക്കളുടെ ചുമതലയുമായി മാറി. അങ്ങനെ പല വഴി തിരിഞ്ഞും മറിഞ്ഞുമാണ് കഞ്ഞിയും പയറും മാറി സദ്യയും, മുട്ടയും പാലുമൊക്കെയായി ഇന്നത്തെ നില കൈവരുന്നത്.

ഇതൊക്കെ ശരിതന്നെ.
എങ്കിലും ജാഗ്രത…. നമ്മുടെ കുട്ടികളുടെ ആഹാരത്തിനു മേല്‍ ഒരിക്കല്‍ കൂടി ജാഗ്രത

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *