CLOSE

തുപ്പല്‍ കോളാമ്പിയോ ഭാര്യ……….?

Share

ഇന്നു പത്രമാഫീസിലേക്ക് ഒരു ചെറുപ്പക്കാരി കടന്നു വന്നു. നേരത്തെ ചെറുതായി പരിചയമുണ്ട്. അടിവെച്ചടിവച്ച്, അല്‍പ്പം നടു വളച്ച് സാരി പലതവണ തലങ്ങും വിലങ്ങും നേരെയാക്കി അവള്‍ മേശക്കരികിലേക്ക് വന്നു. വാസനത്തൈലം പുരട്ടിയിട്ടുണ്ട്. കണ്ണ് കലങ്ങിയിട്ടുണ്ട്. കണ്ണെഴുതുമ്പോള്‍ വന്ന കൈപ്പിഴയായിരിക്കും എന്നു ഞാന്‍ ശങ്കിച്ചു. ഇടതൂര്‍ന്ന മുടിയില്‍ അല്‍പ്പം മൈലാഞ്ചിച്ചാന്തു പുരട്ടിയിട്ടുണ്ട്.

പരാതിയുടെ കെട്ടഴിച്ചു.

അവളുടെ ഭര്‍ത്താവ് വല്ലാതെ ദ്രോഹിക്കുന്നുവത്രെ. ഒറ്റക്ക് എവിടേയും പോകാന്‍ അനുവദിക്കുന്നില്ല. കൂട്ടൂകാരെ കാണാന്‍ അനുവദിക്കുന്നില്ല. സിനിമക്ക് കൊണ്ടു പോകുന്നില്ല. അവശ്യത്തിനു ഷോപ്പിങ്ങു പോലുമില്ല… തുടങ്ങി നിരവധി പരാധീനതകള്‍.

വീട് ജയിലറയാണ് സാര്‍….മടുത്തു. ഇനി വയ്യ. ഇതാണ് അവസാന തീരുമാനം. നിയമ നടപടിക്കു ഒരുങ്ങുകയാണ് അവള്‍. അതിനു മുമ്പായി ഒരു വാര്‍ത്തയുണ്ടാക്കി അങ്ങേരെ ഒന്നു നാറ്റിക്കണം. ഇതായിരുന്നു ആവശ്യം.

സാധാരണയായി നാട്ടില്‍ കണ്ടു വരുന്ന ദാമ്പത്യ സംഘട്ടനങ്ങളുടെ തനിയാവര്‍ത്തനമാണ് ഇത് എന്ന് ഞാന്‍ ഊഹിച്ചു. എന്റെ കുട്ടിക്കാലത്തെ, അമ്മമാരും അമ്മൂമമാരും അനുഭവിച്ച ഭര്‍തൃപീഢനത്തെക്കുറിച്ച് അല്‍പ്പ സമയം ഓര്‍ത്തിരുന്നു പോയി.

ഭര്‍ത്താവ് അഥവാ അച്ഛന്‍ ജോലിയും കഴിഞ്ഞ് ഇരുട്ടാകുമ്പോള്‍ കടന്നു വരും. ഭാര്യ നേരത്തേ വീടെത്തിക്കാണും. പുള്ളിക്കാരന്മാരില്‍ അധികം പേരും പതിവായി അല്‍പ്പം വീശുന്നവരായിരിക്കുമല്ലോ. വീടെത്താന്‍ വൈകും.

വന്ന ഉടനെ തുടങ്ങും, ഇവിടെ പറയാന്‍ കൊളളാത്ത വാക്കുകള്‍. എതിര്‍ത്തു പറഞ്ഞാല്‍ അടി. ഒന്ന്-ഒന്നരയടിക്കനമുണ്ടാകും ഓരോ പ്രഹരത്തിനും. മുടിക്കുത്തിനു പിടിച്ചായിരിക്കും തല്ലുക. ഓടി രക്ഷപ്പെടുക പോലും അസാധ്യം. പലര്‍ക്കും ഇത് ശീലമാണ്. കിട്ടിയില്ലെങ്കില്‍ ഉറക്കം വരാത്തവരും സുലഭം.

ഇടി തുടങ്ങിയാല്‍ പിന്നെ വാവിട്ടു കരയുകയല്ലാതെ ചെറുക്കാന്‍ വേറെ ആയുധങ്ങളില്ല. മാന്തിപ്പറിക്കാമെന്നു വെച്ചാല്‍ അമ്മിയില്‍ അരച്ച് അരച്ച് കൈനഖം പോലും തേഞ്ഞിട്ടുണ്ടാകും. ഉറക്കെ നിലവിളിക്കാമെന്നു വെച്ചാല്‍ ഇമ്പമുള്ള സംഗീതം പോലുള്ള ശബ്ദം.

ദൈവം ക്രൂരനാണ്. ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്നും ഇടി വരുമ്പോള്‍ ചെറുത്തു നില്‍ക്കാന്‍ ഒരു ആയുധവും കൂടെ കൊടുത്തുവിടാതെയാണ് സ്ത്രീകളെ ഭൂമിയിലോട്ട് പറഞ്ഞു വിട്ടത്. ആണുങ്ങള്‍ക്കാണെങ്കില്‍ നല്ല തണ്ടുബലമുണ്ട്. ആക്രോശിക്കാന്‍ പറ്റുന്ന വിധം പരുപരുത്ത ശബ്ദമുണ്ട്. നീളവും വണ്ണവും സ്ത്രീയേക്കാള്‍ കൂടുതലായിരിക്കും. മുടിക്കുത്തിനു പിടിക്കാമെന്നു വെച്ചാല്‍ തലയില്‍ മുടിയും കാണില്ല.

അടി കൊണ്ടു സഹി കെട്ടാല്‍ ”ഞാന്‍ എന്റെ വീട്ടില്‍ പോകുന്നു” എന്ന പ്രയോഗം വച്ചു കാച്ചും.

പോയി തുലഞ്ഞോളാന്‍ പറയും. വാവിട്ടു കരഞ്ഞു കൊണ്ട് കടവാതിക്കല്‍ വരെ ചെല്ലും. പിറകേ ഭര്‍ത്താവ് വിളിക്കുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കിക്കൊണ്ടേയിരിക്കും. വിളി വരുന്നില്ലെന്ന് ഉറപ്പായാല്‍ പതിയെ അടുക്കള വാതിലിലൂടെ അകത്തു കയറും. ഇരുട്ടില്‍ കുത്തിയിരിക്കും. തോറ്റോട്ടം പുത്തരിയല്ല.

രാത്രിയായാല്‍ എല്ലാം മറന്ന് അച്ഛന് (ഭര്‍ത്താവിനെ പണ്ടു കാലത്ത് ഭാര്യമാര്‍ അച്ഛാ എന്നു വിളിച്ചിരിക്കണം എന്നാണ് ആണ്‍നിയമം.) ചോറ് വിളിമ്പിക്കൊടുക്കും. പലകയില്‍ ഇരുന്ന് അതു കഴിക്കുമ്പോള്‍ ചേര്‍ന്നിരിക്കും. പിന്നെയും പിന്നേയും വിളമ്പിക്കൊടുക്കും. തന്റെ ഓഹരിയും അതേ പാത്രത്തില്‍ നിക്ഷേപിക്കും. ഭര്‍ത്താവ് കഴിച്ച എച്ചില്‍ നുണയാന്‍.

കലഹം മൂത്തതു കാരണം, രാത്രിയായിട്ടും ഭര്‍ത്താവിനു മിണ്ടാട്ടമില്ലെങ്കില്‍ നെഞ്ചില്‍ തല ചേര്‍ത്തു വെച്ച് ചോദിക്കും. ‘മിണ്ടുകില്ലേ?’

സാമ്പത്തികമായ പരാധീനത കൊണ്ട് മാത്രമായിരുന്നില്ല, ഭാര്യമാര്‍ ഭര്‍ത്താവിന് അടിമയാകുന്നത്. മിക്കവര്‍ക്കും സ്വന്തമായി ജോലി കാണില്ല. ഒരപരാധവും ചെയ്യാത്തവളാണെങ്കിലും മദ്യപനും, പരസ്ത്രീലംമ്പടനുമാണെങ്കിലും പുരുഷന്റെ അധികാരമാണ് ‘ഭാര്യയെ തല്ലുക’ എന്നതെന്നു കരുതി ഭാര്യമാര്‍ സഹിക്കുന്നു. ദുഷ്ടനാണെങ്കിലും സ്വന്തം ഭര്‍ത്താവല്ലെ, തല്ലാനും കൊല്ലാനുമൊക്കെ അധികാരമുള്ളതല്ലെ, ഇവിടം വിട്ടുപോയാല്‍ പിന്നെ ആരെ ആശ്രയിക്കും? അച്ഛനു വയസായില്ലെ, സഹോദരന്റെ അടുക്കല്‍ ചെല്ലാമെന്നു വിചാരിച്ചാല്‍ അവിടെ നാത്തു ചാണക വെള്ളത്തില്‍ ചൂലു മുക്കി വച്ചിട്ടുണ്ടാവും. തോറ്റു കൊടുക്കുകയല്ലാതെ വേറെ മാര്‍ഗമില്ല.

‘എടാ ദ്രോഹി’ നിന്റെ തലയില്‍ ഇടിത്തീ വീഴട്ടെ എന്നു മനസില്‍ പ്രാര്‍ത്ഥിക്കുമെങ്കിലും, ചെവിയോട് ചെവി ചേര്‍ത്ത് ചോദിക്കും.
പിണക്കം മാറിയില്ലെ, ഇനി ‘മിണ്ടുകില്ലെ’?

ഇന്നു കാലം മാറിയിരിക്കുന്നു. ഭാര്യയുടെ ഇംഗിതത്തിനു ഭര്‍ത്താവ് വഴങ്ങിയില്ലെങ്കില്‍ പീഡനത്തിനു കേസ്. ഭര്‍ത്താവ് മാത്രമല്ല, വിളമ്പിത്തന്ന ഭര്‍തൃമാതാവും പിതാവും കിടക്കേണ്ടി വരും ജയിലില്‍. മറിച്ചും സംഭവിക്കുന്നു.

ഇന്നു പട്ടണത്തില്‍ മാത്രമല്ല, ഗ്രാമങ്ങളിലും പെണ്‍കുട്ടികള്‍ ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു നടക്കുന്നതു കാണാം. മിക്കവരും വണ്ടിയില്‍ കയറി തലങ്ങും വിലങ്ങും പായുന്നതു കാണാം. വര്‍ണപ്പകിട്ടുള്ള ചിത്രശലഭങ്ങള്‍…
നയനാനന്ദകരം ആ കാഴ്ച്ച. പൂതിയ കാലത്തിലെ പുരുഷന്മാര്‍ വെറും വാലാട്ടികള്‍ മാത്രമാണെന്ന് അവര്‍ മനസിലാക്കി വെച്ചിരിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ വധുവിന് മേല്‍ക്കൈ ലഭിച്ച കാലമാണിത്.

ഭാര്യ ജോലിയും കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും ഭര്‍ത്താവ് നേരത്തേ വന്ന് അടുക്കളയില്‍ കേറി കാപ്പി ഉണ്ടാക്കേണ്ടി വരുന്നു. കാപ്പി അല്‍പ്പം തണുത്തു പോയാല്‍, കുഞ്ഞിനെ നേര്‍സറിയില്‍ നിന്നും കൂട്ടികൊണ്ടു വരാന്‍ ഇത്തിരി വൈകിയാല്‍, വഴിയില്‍ കൂട്ടുകാരെ കണ്ട് അല്‍പ്പസമയം ചിലവഴിച്ചു പോയാല്‍, വാങ്ങി കൊണ്ടു വന്ന മീന്‍ അല്‍പ്പം ചീഞ്ഞു പോയതെങ്കില്‍ ഭര്‍ത്താവിന്റെ പണി തീര്‍ന്നതു തന്നെ. എങ്കിലും അവര്‍ പുറത്തു സമ്മതിച്ചു തരില്ല, എന്റെ ഭര്‍ത്താവ് വെറും കൊഞ്ഞണനാണെന്ന്.

സിന്ദൂരം മായ്ച്ചു കളയാന്‍ ഇഷ്ടപ്പെടാത്തവരെങ്കിലും ഇന്നു ധാരാളം ദമ്പതികളെ കോടതി വരാന്ത തിണ്ണയില്‍ കാത്തു കെട്ടി കിടക്കന്നത് കാണാനാകുന്നു.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *