തോറ്റതും ജയിച്ചതുമായ സകല വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭിവാദ്യങ്ങള്‍…..
തോറ്റവരെ ഇവിടെ പ്രത്യേകം സ്മരിക്കുന്നു.
കാരണം തോല്‍ക്കാന്‍ ചിലരുണ്ടായതു കൊണ്ടു മാത്രമാണല്ലോ ഭുരിഭാഗം കുട്ടികള്‍ക്കും ജയിക്കാനായത്.
ജയിച്ചവരില്‍ ഏതാണ്ട് 100 ശതമാനവും പ്ലസ് വണ്ണിനു ചേരും. എന്നാല്‍ തോറ്റവരെന്തു ചെയ്യും?
നമുക്കു ചിന്ത വേണ്ടതവിടെയാണ്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് എഴുത്തൂട് എന്ന ഗുരുകുല വിദ്യാഭ്യാസ കാലത്തില്‍ നിന്നും തുടങ്ങുന്നതാണ് പഠനത്തിലെ ജയവും തോല്‍വിയും. ദുര്യോധനനു പ്രത്യേകം ക്ലാസെടുത്തായിരുന്നു ദ്രോണര്‍ മികച്ചവരില്‍ ഒരുവനാക്കിയിരുന്നത്. ഏകലവ്യന്‍ താണ ജാതിക്കാരനായതു കൊണ്ടു മാത്രം ക്ലാസില്‍ കയറ്റിയില്ല. തോറ്റവന്റെ പ്രതികാരമാണ് ഏകലവ്യന്റെ പെരുവിരല്‍. കേരള ചരിത്രത്തിലും കാണാം പഠനത്തിനു വേണ്ടിയുള്ള വിപ്ലവം. പഠിക്കാനെന്ന പേരില്‍ ആദ്യമായി പള്ളിക്കൂടത്തില്‍ ചെന്ന അടിയാപെണ്‍കുട്ടിയാണ് ‘പഞ്ചമി’.
താണജാതിയില്‍ ജനിച്ചവളായതിനാല്‍ ക്ലാസില്‍ കയറ്റിയില്ല. നാടുവാഴിയുടെ കല്‍പ്പന. അയ്യങ്കാളി ഇതിനെ എതിര്‍ത്തു. താണവനെ പഠിപ്പിച്ചില്ലെങ്കില്‍, നിങ്ങടെ പാടം കൊയ്യാന്‍ താണവനെ കിട്ടില്ല.
ഒച്ചയില്ലാത്തവന്റെ ഇടിമുഴക്കമായി അതു മാറി. കേരളം കണ്ട ആദ്യത്തെ പണിമുടക്ക് അങ്ങനെ ഉണ്ടായതാണ്. താണ ജാതിക്കാര്‍ക്കും വഴി നടക്കാനുള്ള സ്വാതന്ത്യത്തിനായി നടത്തിയ വൈക്കം സത്യാഗ്രഹത്തിന്റെ ഉല്‍പ്പന്നം കൂടിയാണ് അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം. പഞ്ചമിക്ക് പഠിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ അയ്യങ്കാളി പഞ്ചമിയെയും കൊണ്ട് പള്ളിക്കൂടത്തില്‍ ചെന്നു. ബലം പ്രയോഗിച്ച് ക്ലാസിലിരുത്തി.
അന്നു രാത്രി സാമുദായിക പ്രമാണിമാര്‍ സ്‌കൂളിലനു തീവച്ചു. പഞ്ചമിയെ ഇരുത്തിയ ബഞ്ച് ചവിട്ടിപ്പൊട്ടിച്ച് കത്തിച്ചു. ഇതു ചരിത്രത്തിന്റെ വെണ്ണീറായി ഇപ്പോഴും കിടക്കുന്നുണ്ട്. ഊരൂട്ടമ്പലം എലമെന്റെറി സ്‌കൂളില്‍ ഇപ്പോള്‍ ചെന്നാലും കാണാം പഞ്ചമി ഇരുന്ന ബെഞ്ചിന്റെ ശേഷിപ്പ്. ‘പാതികത്തിക്കരിഞ്ഞ ആ ബെഞ്ച്.’ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ആ സ്‌കൂളിനെ സ്മാര്‍ട്ട് സ്‌കൂളായി ഉയര്‍ത്തിയിരിക്കുകയാണ്.
കെട്ടിടത്തിന്റെ പുതിയ പേര് ‘പഞ്ചമി സ്‌കൂള്‍’.
വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം ഒത്തു തീര്‍പ്പിലെത്തിക്കാന്‍ ഗുജറാത്തിലെ വാദ്രയില്‍ നിന്നും ഗാന്ധിജിയും, ചെമ്പഴന്തിയില്‍ നിന്നും ശ്രീ നാരായണഗുരുവും വൈക്കത്തെ എളംതുരുത്തി മനയില്‍ എത്തിയിരുന്നു. മനക്കലെ വാഴുന്നവര്‍ ഇല്ലത്ത് കയറ്റിയില്ല. മുറ്റത്തിനും വെളിയില്‍ ഓല പന്തലിട്ടു കൊടുത്തു. അവിടെ ഇരുന്നായിരുന്നു ചര്‍ച്ച.
‘കണ്ട ചോണനും ചെറുമനുമൊന്നും വഴി നടക്കാന്‍ രാജവീഥികളില്‍ ഇടം തരില്ല’
ഏളം തുരുത്തി മന കുലുങ്ങിയില്ല.
ചര്‍ച്ച പരാജയപ്പെട്ടു. ഗാന്ധിജി മടങ്ങിപ്പോയി.
കള്ളു ചെത്തി വില്‍ക്കുന്ന ചോമന്റേയും ചെറുമന്റെയും സംഘടനയായ ചെത്തു തൊഴിലാളി യൂണിയന്റെ വൈക്കത്തെ ഓഫീസാണ് ഇന്ന് എളംതുരുത്തി മന. അവിടെ ഗാന്ധിജിയുടേയും, ഗുരു ദേവന്റേയും, അയ്യങ്കാളിയുടേയും ഫോട്ടോ തൂക്കിയിട്ടിരിക്കുന്നു.
പഞ്ചമി പഠിച്ച ഊരാട്ടുരമ്പലം എലിമെന്ററി സ്‌കൂള്‍ ഇന്ന് സ്മാര്‍ട്ട് സ്‌കൂള്‍. കാലം ഒന്നിനോടും കണക്കു ചോദിക്കാതെ പോയിട്ടില്ല. എല്ലാ തോല്‍വിയും വിജയത്തിന്റെ ചവിട്ടു പടികളായിരുന്നു. അരവം മനക്കലെ ഭുമിയില്‍ പാട്ടം കൊടുത്തവര്‍ ഇന്നു ജന്മിമാരായി തീര്‍ന്നിരിക്കുന്നു. മനയ്ക്കലുമുണ്ടാകണം ഒരു പക്ഷെ കേരള സര്‍ക്കാരിന്റെ റേഷന്‍ കാര്‍ഡ്. തോല്‍വികളിലൂടെ പല വിജയ പാഠങ്ങളും കാലം നമ്മെ പഠിപ്പിക്കുന്നുണ്ട്. തോറ്റവരെ, വിജയം നിങ്ങളെ കാത്തിരിക്കുന്നു.