എഴുത്തുപുര….
പി.എന്‍. പണിക്കറെ നന്ദി പൂര്‍വ്വം സ്മരിച്ചു കൊള്ളട്ടെ. വായനയെന്ന മനുഷ്യ വികാരത്തിന്റെ പര്യായപദമാണല്ലോ ആ നാമം. ഓരോ വായനാ ദിനവും നമ്മെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കടന്നു പോകാറുള്ളത്. ഏതാണ്ട് 2016 മുതല്‍ തുടങ്ങിയതാണ് ഈ ആശങ്ക. വായന മരിക്കുന്നുവോ? പുസ്തകങ്ങള്‍ വിസ്മൃതിയിലേക്ക് മറയുകയാണോ? ഓണ്‍ ലൈന്‍ പത്രങ്ങളുടേയും ദൃശ്യമാധ്യമങ്ങളുടേയും കടന്നു കയറ്റത്തോടെ വര്‍ത്തമാന പത്രങ്ങളും ശങ്കയിലായിരുന്നു.
എന്നാല്‍ കാലം കരുതി വച്ചത് മറ്റൊന്നാണ്. പത്ര-പുസ്തക- കവിതാ സമാഹരണ രംഗങ്ങളാകെ തളിര്‍ത്തു പൂക്കുന്നതാണ് പിന്നീട് നമുക്ക് കണ്ടത്. പരമ്പരാഗത വായനക്കു പുറമെ, വാര്‍ട്ട്സാപ്പും ഇന്റര്‍നെറ്റും, ഓണ്‍ ലൈന്‍ മാധ്യമങ്ങളുമെല്ലാം വായനയെ നശിപ്പിക്കുകയല്ല, കൂടുതല്‍ പോക്ഷിപ്പിക്കുകയായിരുന്നു. വായനാദിനം ഇനി നമുക്ക് സന്തോഷത്തോടെ ആഘോഷിക്കാം.
മലയാളത്തിലിറങ്ങിയ പ്രശസ്ത നോവലുകള്‍ക്കെല്ലാം തന്നെ പല പതിപ്പുകള്‍ വിറ്റഴിഞ്ഞ വര്‍ഷമാണ് കടന്നു പോയത്. കുറഞ്ഞസമയം കൊണ്ട് ഒരു ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ് കെ.ആര്‍. മീരയുടെ ആരാച്ചാര്‍ ചരിത്രമാവുകയായിരുന്നു. എം.മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം, വി.ജെ. ജെയിംസിന്റെ നിരീശ്വരന്‍, വിവാദമായ മീശ തുടങ്ങി ഏച്ചിക്കാനത്തിന്റെ ബിരിയാണിയും, സക്കറിയയുടെ പറക്കും സ്ത്രി വരെ വായനയുടെ രജത രേഖകളായി.
നിലച്ചു പോയ പുസ്തക ആസ്വാദന-വിമര്‍ശന ചര്‍ച്ചകള്‍ പുനരവതരിച്ചു തുടങ്ങി. വാര്‍സാപ്പില്‍ അടക്കം അതു നിത്യ സംഭവങ്ങളായി. പല ഡിജിറ്റല്‍ മാസികകളും പുസ്തക രൂപത്തില്‍ കിട്ടിത്തുടങ്ങി.
മലയാളത്തിനിപ്പോള്‍ വായനയുടെ പൂക്കാലമാണ്.
പുസ്തകങ്ങള്‍ എന്നും മലയാളിക്ക് ലഹരിയായിരുന്നു. സ്മാര്‍ട്ട് ഫോണിനേയും, ഐപാഡിനേയുമൊക്കെ മലയാളി പ്രണയിച്ചു. ഗ്രന്ഥശാലാ സംഘം ജില്ലകള്‍ തോറും സംഘടിപ്പിക്കാറുള്ള പുസ്തകമേളകള്‍ നിറം വെച്ചു തുടങ്ങി. അവ പരിപോക്ഷിക്കപ്പെടുകയാണ്. കാഞ്ഞങ്ങാട് നടന്ന പുസ്തക ചന്തയില്‍ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. നൂറിനോടടുത്ത് പ്രസാധകര്‍ കാഞ്ഞങ്ങാട്ടെ പുസ്തക പ്രദര്‍ശനത്തില്‍ സമ്മേളിച്ചു.

ജില്ലയില്‍ തന്നെയുണ്ടായി വിജയം കൈവരിച്ച പുതിയ പ്രസാദകര്‍.സാഹിത്യ ലോകത്തിനു ഏറെ സംഭാവനകള്‍ നല്‍കിയ, അത്തിഖ് റഹ്മാമാന്‍ ബേവിഞ്ച അതിലൊരാളാണ്. ലാഭം കൊയ്യാനല്ല, നിയോഗമാണെന്ന് കരുതി ഈ മേഖലയില്‍ സ്വയം രക്തസാക്ഷിത്വം സ്വീകരിച്ചിരിക്കുകയാണ് ആ വിപ്ലവകാരി. അംബികാ സുതന്‍ മാങ്ങാട്, ബാലകൃഷ്ണന്‍ മാങ്ങാട്, ഇ.പി. രാജഗോപാലന്‍ തുടങ്ങി പ്രഗല്‍ഭര്‍ വരച്ചു കാട്ടുന്ന ഭാവനാ ലോകം വായനക്കാര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ ‘ചെമ്പരത്തി’യെന്ന അത്തീഖിന്റെ പ്രസിദ്ധീകരണ ശാല വായന എന്ന പ്രതിഭാസത്തിന്റെ കൂടി വിജയമായി കണക്കാക്കണം. കാഞ്ഞങ്ങാട്ടെ പുസ്തക പ്രേമികള്‍ അത്തീഖിന്റെ പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്തുവച്ചുവെന്ന് പുസ്തക ചന്ത വിശദീകരിക്കുന്നുണ്ട്.
മുന്‍പൊക്കെ പുസ്തകമെന്നാല്‍ സാഹിത്യമായിരുന്നു പ്രധാനമെങ്കില്‍ ഇന്ന് ധാരളം മേഖലകളില്‍ ധാരാളം പുസ്തകങ്ങള്‍ ലഭിക്കുന്നു. യാത്രാവിവരണങ്ങള്‍ മനുഷ്യ മനസുകളെ മാറ്റി മറിക്കുന്നു. ലൈഫ്സ്റ്റൈല്‍ മുതല്‍ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ വരെ, കൃഷി, പാചകം, ക്രൈം, ജീവിതവിജയം എന്നു തുടങ്ങി പണ്ടെങ്ങും കാണാത്തതരം എണ്ണിയാല്‍ തീരാത്ത മേഖലകളിലെല്ലാം പുസ്ത സ്വാധീനമുണ്ടായി.
ചങ്ങമ്പുഴയുടെ രമണന്‍ വാങ്ങാന്‍ കര്‍ഷകരും തൊഴിലാളികള്‍ വരെ കാത്തു കെട്ടിയും, ഒരു പുസ്തകം തന്നെ പലയാള്‍ പലവൂരു വായിച്ചും, പിന്നെയും മതിവരാതെയിരുന്ന കാലമുണ്ടായിരുന്നു കേരളത്തിന്. വാട്‌സാപ്പും, ഓണ്‍ ലൈന്‍ വായനയും ആ കാലത്തെ തിരിച്ചു പിടിച്ചിരിക്കുകയാണ്.
എം.ടി.വാസുദേവന്‍നായരും, ടി.പത്മനാഭനും, മാധവിക്കുട്ടിയും, ഒ.വി.വിജയനും, പവനനും,മുട്ടത്തു വര്‍ക്കിയും, പാറപ്പുറത്തുമെല്ലാം തലമുറ കൈമാറ്റങ്ങളിലൂടെ പഴയ വായനയെ തിരിച്ചു പിടിക്കുകയാണ്.
അറുപതു പിന്നിട്ട എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍ എന്നീ നോവല്‍ എഴുതിയ അതേ കയ്യടക്കത്തോടെ തന്നെയാണ് ആടുജീവിതവും, ആരാച്ചാറും മറ്റും കടന്നു വന്നത്.
വായനയെ നിലനിര്‍ത്താന്‍ നമ്മെ പ്രേരിപ്പിച്ച ആ മഹാനുഭാവന്‍ പി.എന്‍. പണിക്കറെ നന്ദി പൂര്‍വ്വം ഓര്‍ക്കേണ്ടുന്ന ദിനം കൂടിയാണ് ജൂണ്‍ 19.
-പ്രതിഭാരാജന്‍