എഴുത്തുപുര….
ശഭാഷ് എന്ന 35 വയസു തികയാത്ത ചെറുപ്പക്കാരന്‍ തൂങ്ങി മരിച്ചത് ഏവരേയും ഞെട്ടിച്ചു കൊണ്ടാണ്. പ്ലസ്ടു വിദ്യാര്‍ത്ഥി ശരത്ത് ജൂണ്‍ 16ന് ക്ഷേത്രക്കുളത്തിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്തിന്റെ കുറവായിരുന്നു ചെറുപ്പക്കാര്‍ക്ക്. കുണ്ടംകുഴി ചരളിലെ ഭാസ്‌ക്കരന്റെ മകനാണ് ശഭാഷ്. കുമ്പള സൂരംബയല്‍ രാഘവന്റെ മകനാണ് ശരത്ത്.വീടിന്റെ ഷീറ്റിട്ട ഭാഗത്ത് വെയില്‍ ആറുന്നതിനിടയിലാണ് ശഭാഷ് മരണത്തെ പുല്‍കിയത്.
നാട് ഒന്നാകെ ജീര്‍ണിച്ചു പോയിരിക്കുന്നു. വളരെ നേരിയ പ്രതിസന്ധിയേ പോലും, ചോരയും നീരുമുള്ള യുവാക്കള്‍ക്കു താങ്ങാന്‍ സാധിക്കാതെ വന്നിരിക്കുന്നു. പിന്നെ വൃദ്ധരുടെ കാര്യം പറയാനുണ്ടോ. പെരിയയില്‍ നിന്നും അമ്പലത്തിലേക്കെന്നു പറഞ്ഞ് വീടു വിട്ട വൃദ്ധനെ ചാമുണ്ഡിക്കുന്നു റെയില്‍വേ പാളത്തില്‍ നിന്നും കണ്ടെടുക്കുന്നു.
ജീവിക്കാനുള്ള തന്റേടമില്ലായ്മ എന്നത് നാടിന്റെ ജീര്‍ണതെയാണ് തുറന്നു കാണിക്കുന്നത്. നമ്മുടെ സമീപനം…സംസ്‌കാരം യുവാക്കളേയും കുട്ടികളേയും കഴിവുകേടുകളുടെ ലോകത്തിലേക്കാണോ നയിക്കുന്നത്. ആരാണിതിനുത്തരവാദി?
പണ്ട് നമ്മുടെ ഗ്രാമങ്ങളെ നയിച്ചിരുന്നത് നാടുവാഴികളും, ബ്രാഹ്മണരും, മേലല്‍ജാതിക്കാരുടെ കോയ്മകളും മറ്റുമായിരുന്നെങ്കില്‍ ആ കാലത്തു പോലും, കൊടിയ ദാരിദ്ര്യം അനുഭവിച്ച – ഒരു കുമ്പിള്‍ കഞ്ഞിവെള്ളത്തിനു പോലും ഗതിയില്ലാതെ, പട്ടിണി അടുപ്പില്‍ ഉറങ്ങിയപ്പോഴും ഇവിടെ ആത്മഹത്യകളുണ്ടായിരുന്നില്ല. മഹാമാരി ഒഴിച്ചാല്‍ ഇതര രോഗം വന്നുള്ള മരണം പോലും അത്യപൂര്‍വ്വമായിരുന്നു. ഒരു മരണം നടന്നാല്‍ നാടു നടുങ്ങുമായിരുന്നു. ആത്മഹത്യ എന്നത് കേട്ടുകേള്‍വിയില്ലാത്ത പദം മാത്രമായിരുന്നു.
പത്തംഗങ്ങളുള്ള കുടുംബം പുലരാന്‍ അന്നു ഒരു നാഴി അരി മാത്രം മതിയായിരുന്നു. അതില്‍ നിന്നു പോലും ഒരു പിടി മെച്ചം വെക്കാന്‍ അമ്മമാര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. പഠിക്കാന്‍ അവസരങ്ങളില്ല. മിടുക്കരായവര്‍ തുലോം കുറവ്. നല്ല മാര്‍ക്കു വാങ്ങി പഠിച്ചവന് ഉടന്‍ ജോലി. 4ാം തരം കഴിഞ്ഞാല്‍ മതി ഓടിച്ചു പിടിച്ചായിരുന്നു പോലീസിലും എം.എസ്.പിയിലും ആളെ ചേര്‍ത്തിരുന്നത്. ഏഴാം ക്ലാസു പഠിച്ചാല്‍ മാത്രം മതി അദ്ധ്യാപകനാവാന്‍.
എം.ടിയുടെ ‘പിറന്നാള്‍’, ബഷീറിന്റെ ‘ജന്മ ദിനം’, ‘വിശപ്പ്’ തുടങ്ങിയ കഥകള്‍ വായിച്ച് നാം ജീവിതത്തെ നേരിടാന്‍ പഠിച്ചിരുന്നു. കഥ വായിച്ചു തീരുമ്പോഴേക്കും കത്തുന്ന വയറിന്റെ ആധി തീര്‍ന്നു കിട്ടുമായിരുന്നു. പട്ടിണിയില്‍ പോലും സ്വസ്തമായി ജീവിച്ച പഴയ കാലം എത്ര സുന്ദരമാണെന്ന് കരുതിയവരെ വകഞ്ഞു മാറ്റി ഒന്നിനും ഒരു കുറവുമില്ലാത്ത കാലത്തേക്ക് നാം ഏത്തിച്ചേര്‍ന്നു എന്ന തിരിച്ചറിവ് വൃഥാവിലാവുകയാണോ?
പുതിയ കാലം മരവിച്ചതായി മറുകയോ.
മനുഷ്യനു അവനെത്തന്നെ വിശ്വാസമില്ലാത്ത കാലത്തിലേക്കാണ് നമ്മുടെ സഞ്ചാരം. ‘ഞങ്ങള്‍’ എന്ന ബഹുസ്വരത തേഞ്ഞ് മാഞ്ഞ് ‘ഞാന്‍’ എന്നു മാത്രമായിത്തീര്‍ന്നിരിക്കുന്നു. യുക്തിക്കും നീതിക്കും സ്ഥാനമില്ലാതായിരിക്കുന്നു.
മനുഷ്യന്‍ ഇന്നു സ്പന്ദിക്കുന്ന അസ്തിമാടം മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു.
ആത്മഹത്യ മാത്രമാണു ഏക രക്ഷാമാര്‍ഗ്ഗം എന്ന ചിന്തയിലേക്ക് പതിയേ, പതിയേ ഇപ്പോള്‍ വേഗത്തില്‍ യുവാക്കളിലും സ്‌കൂള്‍ പഠിക്കുന്ന കുട്ടികളില്‍ വരെ ആത്മഹത്യാപ്രവണത ലഹരിയായി, അതുവഴി ലഭിക്കുന്ന ആനന്ദമായി വളര്‍ന്നു വരികയാണ്. ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതിനു ശേഷം മെതിയെ ഇപ്പോള്‍ വര്‍ദ്ധിച്ചു കൊടുമ്പിരി കൊണ്ടിരിക്കുന്ന നിസ്സഹായതയെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്ക് സാധിക്കാതെ വന്നിരിക്കുന്നു.
ഇങ്ങനെയൊക്കെ മതിയോ നമുക്ക്. സാംസ്‌കാരിക സംഘടനകളും, രാഷ്ട്രീയ – യവജന സംഘടനകളും – കൈകോര്‍ത്തു ചിന്തിക്കണം. കളികളിലും, വിനോദങ്ങളിലും വായനയിലും ആനന്ദം കണ്ടെത്താന്‍ പുതു തലമുറയെ കൂടെ നടത്തണം. നാനാത്വത്തിലെ ഏകത്വമായി അവര്‍ വളരട്ടെ.
പഴമക്കാര്‍, അദ്ധ്വാനിച്ചു, പട്ടിണിയെ നേരിട്ടു സംതൃപ്തരായി ജീവിച്ചു മരിച്ച മണ്ണില്‍ ഇന്നും അവരുടെ സ്പന്ദനങ്ങളുണ്ടെന്ന് മണ്‍വെട്ടിയുമായി തെങ്ങിന്റെ ചോട്ടില്‍ ചെന്നാല്‍ ആ തേങ്ങല്‍ കേണകേള്‍ക്കാനാകും. തൊഴിലാളികള്‍, കര്‍ഷകര്‍, അഭ്യസ്ത വിദ്യര്‍…. വളര്‍ത്തി വലുതാക്കിയ ഐക്യത്തിന്റെ കാഹളള്‍ നിലച്ചു പോവാതിരിക്കട്ടെ.
അതിനായി ഇവിടുത്തെ സംഘടിത പ്രസ്ഥാനങ്ങള്‍… സാംസ്‌കാരിക സംഘടനകള്‍, നാടക കൂട്ടായമകള്‍, വാര്‍സാപ്പ് കൂട്ടായ്മകള്‍ സ്ത്രീ, പുരുഷ സ്വയംസഹായ സംഘങ്ങള്‍….മറ്റു ഇതര സംഘടനകള്‍ ഒക്കെ ഉള്‍ച്ചേര്‍ന്നു കൊണ്ട് നാടിനെ പോരാട്ടത്തിന്റേയും ചെറുത്തു നില്‍പ്പിന്റേയും സംസ്‌കാരം പഠിപ്പിക്കാന്‍ സാധിക്കുമാറാകട്ടെ.
-പ്രതിഭാരാജന്‍