CLOSE

സദാചാരികളായ പുരുഷകേസരികളെ, നിങ്ങള്‍ ഒന്നടങ്ങുക

Share

എഴുത്തുപുര…..

സദാചാരപ്രിയ്യരായ കുറെ അധികം പുരുഷ കേസരികളെ ഈ കുറിപ്പുകാരന് പരിചയമുണ്ട്.
ഇത്തരക്കാര്‍, സ്വന്തം കെട്ട്യോളോട്, വീട്ടില്‍ കെട്ടു കഴിയാതെ ഇരിക്കുന്ന സഹോദരികളോട്, സ്വന്തം അച്ഛനോട്, അമ്മയോട് സദാചാര പ്രവര്‍ത്തികളേക്കുറിച്ച് ഉപദേശിച്ചു കൊണ്ടേയിരിക്കും. അതു ശരിയല്ല, ഇതു ശരിയല്ല, സദാ സമയവും അസ്വസ്ഥത കാണിച്ചെന്നു വരും.
ഉപദേശം കേട്ട് കേട്ട് സ്വന്തം ഭാര്യക്കു പോലും തലകറക്കം വരും. വീട്ടിലെ നിത്യനിദാന ചിലവുകള്‍ നികത്തുന്നത് ഉദ്യോഗസ്ഥരായ സദാചാര പ്രേമിയാണെങ്കില്‍ പിന്നെ കമാ എന്നു ഒരക്ഷരം മറുത്തുരിയാടാനുമാവില്ല. ഉരിയാടിയാല്‍ പിന്നെ തല്ലും , തലമുടി പിടിച്ചുലക്കലും കഴുത്തിനു പിടിക്കലുമായിരിക്കും അനന്തര ഫലം.
എന്നോട് ഇത്രത്തോളം പറയാന്‍ ആരാണടി നീ ചൂലെ…..
എരണം കെട്ടവളെ… പൂരത്തെറിയും കേള്‍ക്കേണ്ടി വരും.

സ്ത്രീകളോട് അമിതപ്രീതി നടിക്കുന്ന സദാചാരക്കാരായ ചില പാര്‍ട്ടി നേതാക്കളും നമുക്കിടയില്‍ ജീവിച്ചിരിപ്പുണ്ട്. . സ്ത്രീകളെ മാതാവെന്നു വിളിക്കും, സഹോദരരിയെന്നു വിളിക്കും. തരം കിട്ടിയാല്‍ അരികില്‍ പറ്റിക്കൂടും.

തക്കം കിട്ടിയാല്‍ നിപ്പ രാജകുമാരിയെന്നും കോവിഡ് റാണിയെന്നും വിളിച്ചെന്നിരിക്കും. പുരുഷ മേധാവിത്വത്തിന്റെ ഇരയായി മഹിളാ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ ലതികാ സുഭാഷിനേപ്പോളുള്ളവര്‍ തല മുണ്ഡനം ചെയ്തെന്നിരിക്കും. മറ്റു ചിലര്‍ രാഷ്ട്രീയം വിട്ട് സന്യാസത്തിനു പോയെന്നിരിക്കും. സുര്യ നെല്ലിയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നോക്കി പല തവണ ബലാല്‍സംഗം ചെയ്തിട്ടും കാര്യമൊന്നും പിടികിട്ടിയില്ലെ? എന്നു മൈക്ക് കെട്ടി ചോദിച്ചെന്നിരിക്കും.

വേണ്ടിടത്തോളം പണമുണ്ടല്ലോ. തോന്നിയതു പോലെ ജീവിച്ചു കളയാം എന്നു കരുതുന്ന ഭാര്യമാര്‍ പോലും സദാചാരക്കാരന്റെ പത്നിമായായാല്‍ ഉപദേശം കൊണ്ടു തന്നെ നിത്യ ദാരിദ്രരാവും. നേതാക്കളുടെ പ്രിയതമമാരെ എതിര്‍ പാര്‍ട്ടിയിലെ ശത്രൂക്കള്‍ അര്‍ത്ഥം വെച്ചു അധിക്ഷേപിച്ചെന്നിരിക്കട്ടെ, അതു സഹിക്കാം. നിങ്ങളുടെ മാനത്തിനും മര്യാദക്കും എതിരായി മക്കള്‍ കള്ള പ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്നിരിക്കട്ടെ. അതും സഹിക്കാം. എന്നാല്‍ വീട്ടിലൊരു സന്മാര്‍ഗ്ഗവാദിയുണ്ടായാല്‍ അതു സഹിക്ക വയ്യ. അയാള്‍ നേതവാണെങ്കില്‍ ചര്‍ച്ചകളെല്ലാം കഴിഞ്ഞ്, ഉദ്യോഗസ്ഥനാണെങ്കില്‍ വൈകിട്ട് ആവശ്യക്കാര്‍ ഒരുക്കുന്ന അത്താഴ വിരുന്നും കഴിഞ്ഞ്, കൂലി തൊഴിലാളിയാണെങ്കില്‍ എരിവുള്ള മിക്സ്ച്ചറും വാങ്ങി, സ്വയം സൃഷ്ടിച്ച ഗുഹയില്‍ ചെന്നു ആട്ടവും പാട്ടും കഴിഞ്ഞ് വൈകി വീട്ടിലെത്തുമ്പോള്‍

മുറ്റത്ത് ആരോ കീറിയിട്ട രണ്ടു കടലാസ്സുതുണ്ടുകള്‍, പ്ലാവില്‍ നിന്നു പഴുത്ത ഇല ഇടമുറ്റത്ത് വീണു കിടക്കുകയാണെങ്കില്‍ മുഖം വീര്‍പ്പിക്കും. ഭാര്യയെ വിളിച്ച് ഇവിടെ പറയാന്‍ കഴിയാത്ത ഭാഷയില്‍ ക്ഷോഭിക്കും. ”മുറ്റമിങ്ങനെ വൃത്തികേടായി ഇടരുതെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്?” ഇതു കൊണ്ടാണല്ലോ. ഭാഗ്യദേവത കയറാത്തത്. നീ ഗതിപിടിക്കാത്തത്. എന്നൊക്കെ ആക്രോശിച്ചെന്നിരിക്കും. ഭാര്യ മിണ്ടാതെ നിന്നാല്‍ നിന്റെ നാക്കിറങ്ങിപ്പോയോ എന്നായിരിക്കും അടുത്ത ചോദ്യം. എല്ലാം കഴിഞ്ഞു നേരെ കട്ടിലിലേക്ക് ചെല്ലുമ്പോള്‍ ചിലപ്പോള്‍ ചെറിയ മോള് കട്ടിലില്‍ മൂത്രമൊഴിച്ചു കാണും.
അശ്ലീകരം വിളി അവിടെയും തുടര്‍ന്നെന്നിരിക്കും. ”കൊച്ചിനെ നേരത്തെ ഉറക്കരുതെന്ന് നിന്നോട് പലവട്ടം പറഞ്ഞിട്ടില്ലെ,
അനുസരണയില്ലാത്തവള്‍.

രാവലെ വെള്ളമെടുക്കുമ്പോള്‍ കിണറില്‍ കുടം വീണു. അയല്‍ക്കാരന്‍ ഇറങ്ങി എടുത്തു തന്നു. അവനു നൂറു രൂപാ കൊടുത്തു എന്നൊക്കെ പറയാന്‍ സാധിക്കാതെ മീന്‍ വാങ്ങാന്‍ വെച്ച കാശു എടുത്തു കൊടുത്തുവെന്നിരിക്കും.

”പാത്രങ്ങള്‍ ഇരിക്കേണ്ട സ്ഥാനത്തേ ഇരിക്കാവൂ”, മേശവലിപ്പില്‍ കടലാസു തുണ്ടുകള്‍ തിരുകിക്കയറ്റരുത്. അത് അവിടെ വെക്കരുത്. ഇവിടെ വെക്കരുത്. നൂറു കൂട്ടം ഉപദേശങ്ങളായിരിക്കും വരിക. അടുത്ത ദിവസം ഇസ്ത്രിയിട്ട ഷര്‍ട്ടും മുണ്ടും ധരിക്കുന്നതു വരേയും നിര്‍ത്താതെയുണ്ടാകും ഉപദേശം.

വീടു വിട്ടാല്‍ നേതാവാണെങ്കില്‍ കാണാന്‍ കൊള്ളാവുന്ന വനിതാ നേതാക്കളെ, ഉദ്യോഗസ്ഥനാണെങ്കില്‍ ഓഫീസിലെ സുന്ദരികളായ ക്ലാര്‍ക്കുകള്‍ കാണും മുന്‍ സീറ്റില്‍. സന്ധ്യയായാല്‍ ആരെങ്കിലും രഹസ്യമായി ഒരുക്കിക്കൊടുക്കുന്ന വിരുന്നു സല്‍ക്കാരവും കഴിഞ്ഞ് സുഹൃത്തിനോട് ഗൗരവപൂര്‍വ്വം ഉപദേശിക്കും.

‘ഇതൊന്നും അത്ര നല്ല ഏര്‍പ്പാടല്ലാട്ടോ.’

ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ. ഇത്തരത്തിലുള്ള സന്മാര്‍ഗ്ഗ ശാസ്ത്രോപദേശകരാണ് ചില കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്നത്. അത് രാഷ്ട്രീയത്തിലായായലും സിനിമയിലായാലും നാടന്‍ ശമ്പളക്കാര്‍-കുലിക്കാരായാലും സമം തന്നെ. വീട്ടുകാരിയായ ഭാര്യ പെട്ടതു തന്നെ.

അതുകൊണ്ട് പ്രീയപ്പെട്ട മഹിളാ മണികളെ, രാഷ്ട്രീയ വനിതാ അദ്ധ്യക്ഷകളെ, പാവം മഹിളാരത്നങ്ങളെ, നിങ്ങള്‍ ഇതിനൊക്കെ ഉത്തരം തേടുന്നത് ആത്മഹത്യയിലൂടെയാണ്.

നാട്ടിലെ സ്ത്രീകളോട് ഒരു അഭ്യര്‍ത്ഥന എന്തു വന്നാലും കെട്ടിതൂങ്ങി ചത്തു കളയരുത്. കപടസദാചാരികളെ നിലക്കു നിര്‍ത്താന്‍ തെങ്ങിന്റെ മടല്‍ ചെത്തി മിനുക്കി അടക്കുക്കളയില്‍ നാലാള്‍ കാണും വിധം കരുതി വെക്കുക. പ്രയോജനമുണ്ടാുകും. അതിനു സാധ്യമല്ലെങ്കില്‍ ഓടി രക്ഷപ്പെട്ടുകൊള്ളുക. തൂങ്ങിച്ചാകരുത്.

പകലന്തിയോളം അദ്ധ്വാനിച്ച് കിട്ടയതു മുഴുവനും മോന്തി ആടിക്കുഴഞ്ഞെത്തുന്ന ഭര്‍ത്താവ് കഴുത്തിനു ഞെക്കി കൊല്ലാന്‍ ഭാവിക്കുകയാണെങ്കില്‍ അതു സഹിക്കാം. പ്രതിരോധിക്കാം. അച്ഛനേയും അമ്മയേയും പറ്റി ഇല്ലാക്കഥകള്‍ പറയുന്നുവെങ്കില്‍ ക്ഷമിക്കുക. അടുത്ത പ്രഭാതത്തില്‍ ശരിപ്പെട്ടു കൊള്ളും. എന്നാല്‍ അയാള്‍ ഉപദേശിക്കാന്‍ തുടങ്ങുകയണെങ്കില്‍ വിവാഹമോചനം നേടി ഏത്രയും വേഗം സ്ഥലം വിട്ടു കൊള്ളുക. മരിച്ചു കളയരുത്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published.