CLOSE

ദുബൈ ഗ്ലോബല്‍ വില്ലേജിന് നാളെ കൊടിയിറക്കം

Share

ദുബൈ: ഏഴുമാസത്തെ ആഘോഷത്തിനൊടുവില്‍ ദുബൈ ഗ്ലോബല്‍ വില്ലേജിന് ശനിയാഴ്ച കൊടിയിറക്കം. 26 രാജ്യങ്ങള്‍ സംഗമിച്ച ആഗോള ഗ്രാമത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ മേളക്കാണ് കൊടിയിറങ്ങുന്നത്.

പതിവുതെറ്റിച്ച് ഇക്കുറി റമദാനില്‍ പൂര്‍ണമായും വില്ലേജ് തുറന്നിരുന്നു. ആദ്യമായി പെരുന്നാള്‍ ദിനത്തിലും ഗ്ലോബല്‍ വില്ലേജ് ആഘോഷങ്ങള്‍ക്കായി തുറന്നുകൊടുത്തു. എക്‌സ്‌പോ മഹാമേളക്കിടയിലും തിളക്കമൊട്ടും ചോരാതെ, കൂടുതല്‍ പ്രൗഢിയോടെയായിരുന്നു ഈ സീസണ്‍ കടന്നുപോയത്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അവസാനവാരമാണ് ഗ്ലോബല്‍ വില്ലേജ് തുറന്നത്. എക്‌സ്‌പോ നടക്കുന്നതിനാല്‍ ഗ്ലോബല്‍ വില്ലേജില്‍ ആളെത്തുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, എക്‌സ്‌പോയിലെ ജനം കൂടി ഗ്ലോബല്‍ വില്ലേജിലേക്കൊഴുകിയപ്പോള്‍ മുന്‍ സീസണുകളേക്കാള്‍ തിരക്കായിരുന്നു ഇക്കുറി. എക്‌സ്‌പോയേയും വില്ലേജിനെയും ബന്ധിപ്പിക്കുന്ന ബസ് സര്‍വിസും ഏര്‍പ്പെടുത്തിയിരുന്നു. വിവിധ രാജ്യങ്ങളിലെ പുതുവത്സരാഘോഷ സമയങ്ങളില്‍ വെടിക്കെട്ട് നടത്തിയും ഇക്കുറി വ്യത്യസ്തത കാണിച്ചു. പുല്‍ത്തകിടികളില്‍ ഇക്കുറി മജ്‌ലിസ് ഒരുക്കിയിരുന്നു. വാടക നല്‍കി ഉപയോഗിക്കാവുന്ന തരത്തില്‍ തയാറാക്കിയ താല്‍ക്കാലിക മജ്‌ലിസുകള്‍ നിരവധി കുടുംബങ്ങളാണ് ഉപയോഗിച്ചത്.

തണുപ്പുള്ള ആറുമാസം തുറക്കുകയും ചൂടുകാലത്ത് അടച്ചിടുകയും ചെയ്യുന്നതാണ് ഗ്ലോബല്‍ വില്ലേജിന്റെ പതിവ്.

റമദാന്‍ പകുതിയാകുന്നതോടെ കഴിഞ്ഞവര്‍ഷങ്ങളില്‍ അടച്ചിരുന്നു. എന്നാല്‍, ഇക്കുറി ആദ്യമായി റമദാനില്‍ പൂര്‍ണമായും തുറന്നിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അറേബ്യന്‍ സാംസ്‌കാരിക പരിപാടികളും പെരുന്നാള്‍ സ്‌പെഷല്‍ ഭക്ഷണങ്ങളും അണിനിരന്നിരുന്നു. ഈദ് ഗ്രാന്‍ഡ് പ്രൈസ് നറുക്കെടുപ്പും ഇക്കുറി നടത്തുന്നുണ്ട്.

മേയ് ആറിന് മുമ്ബ് ടിക്കറ്റെടുക്കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഫോഡ് ബ്രോണ്‍കോ എസ്.യു.വി കാറാണ്. വിജയിയെ മേയ് ഏഴിന് പ്രഖ്യാപിക്കും.

ഇന്നും നാളെയും പുലര്‍ച്ച രണ്ട് വരെ വില്ലേജ് തുറന്നിരിക്കും.

Leave a Reply

Your email address will not be published.