ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രാലയം മൂന്നുമാസത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദയോഗ്യതയുള്ളവര്ക്കും നിലവില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ക്ക് 2022 ഡിസംബര്‍ 31ന് 25 വയസ്സ് കവിയാന്‍ പാടില്ല. 75 പേര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസമാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം നടക്കുക. താല്പര്യമുള്ള ബിരുദധാരികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ www.internship.mea.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഫെബ്രുവരി 15നകം അപേക്ഷ നല്‍കണം. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും.
28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും അപേക്ഷകരെ പരിഗണിക്കുന്ന ക്വാട്ട കം വെയ്റ്റേജ് സമ്പ്രദായത്തിലൂടെയാണ് ഇന്റേണ്‍ഷിപ്പിന് തിരഞ്ഞെടുക്കുന്നത്. 28 സംസ്ഥാനങ്ങളില്‍ നിന്ന് 2 വീതം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. 8 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് 2 ഉദ്യോഗാര്‍ത്ഥികള്‍ക്കും പിന്നാക്ക ജില്ലകള്‍/മേഖലകളിലെയും വിഭാഗങ്ങളിലെയും ഉയര്‍ന്ന മാര്‍ക്കുള്ള 3 ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസരം ലഭിക്കും. 75 ഇന്റേണ്‍ഷിപ്പുകളില്‍ 30 ശതമാനം വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ഡബ്ള്യു.എസ് വിഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം നടത്തുന്നത്.