സമഗ്ര എന്‍ഡോസള്‍ഫാന്‍ പാക്കേജിനായി 17 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതില്‍ എണ്‍പത് ശതമാനവും വനിതാ ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടും. കാസര്‍കോട് വികസന പാക്കേജിന് 75 കോടി രൂപ വകയിരുത്തി. കാസര്‍കോട് കെഎസ്ഐഡിസിയുടെ കീഴിലുള്ള 1.99 ഏക്കര്‍ സ്ഥലത്ത് പുതുതായി വ്യവസായം ആരംഭിക്കുന്നതിനായി 2.5 കോടി രൂപ അനുവദിക്കും. കാസര്‍കോട്, ഇടുക്കി, വയനാട് എയര്‍സ്ട്രിപ്പ് പദ്ധതിയുടെ പ്രാരംഭപ്രവൃത്തികള്ക്കും ഡിപിആര്‍ തയ്യാറാക്കുന്നതിനും ഭൂമി ഏറ്റെടുക്കലിനുമായി 4.51 കോടി രൂപ വകയിരുത്തി. കേരളത്തിലെ 14 ജില്ലകളിലും തൊഴില്‍ സംരംഭക കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പൈലറ്റ് പദ്ധതിയ്ക്കായി 25 കോടി രൂപ നീക്കിവെച്ചു. 40 കോടി രൂപ ചെലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്കില്‍ കോഴ്സുകള്‍ ആരംഭിക്കും.നോളജ് എക്കോണമി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്ട് സ്കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഈ പാര്‍ക്കുകളില്‍ ഭാവി സംരംഭകര്‍ക്ക് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആദ്യ അഞ്ച് വര്‍ഷത്തേക്ക് സബ്സിഡിയും മറ്റ് സൗകര്യങ്ങളും ലഭിക്കും. ദേശീയ പാത അതോറിറ്റിയുടെ കീഴില്‍ 1.31 ലക്ഷം കോടിയുടെ വിവിധ റോഡുനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതില്‍ സ്ഥലമേറ്റെടുക്കലിന്റെ 25-50 ശതമാനം തുക സര്‍ക്കാര്‍ വഹിക്കുന്നു. തലപ്പാടി മുതല്‍ തിരുവനന്തപുരത്തെ കാരോട് വരെയുള്ള എന്‍.എച്ച് 66ന്റെ 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാതയുടെ ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനവും കിഫ്ബി പങ്കിട്ടതിനാലാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനായി കിഫ്ബി 6769.01 കോടി രൂപ അനുവദിച്ചു. ഇതില്‍ 5311 കോടി രൂപ എന്‍എച്ച്എഐയ്ക്ക് നല്കി. കെ-റെയില്‍ പദ്ധതിയ്ക്ക് ഭൂമി എറ്റെടുക്കുന്നതിനായി കിഫ്ബി വഴി 2000 കോടി രൂപ നല്‍കും. പട്ടികജാതിക്കാര്‍ക്കായി ഭൂമി, പാര്‍പ്പിടം, മറ്റ് വികസന പദ്ധതികള്‍ എന്നിവയ്ക്ക് ആകെ 1935.38 കോടി രൂപ വകയിരുത്തി. ഭൂരഹിതരായിട്ടുള്ള കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള ഭൂമി വാങ്ങുന്നതിന് 180 കോടി രൂപയും ഭാഗികമായി നിര്‍മ്മിച്ച വീടുകളുടെ പൂര്‍ത്തീകരണത്തിനും ജീര്‍ണ്ണാവസ്ഥയിലായ വീടുകളുടെ പുനരുദ്ധാരണത്തിനും പഠനമുറി നിര്‍മ്മാണത്തിനുമായി 205 കോടി നീക്കിവെച്ചു. പട്ടികജാതിക്കാര്‍ക്കിടയിലെ ദുര്‍ബല വിഭാഗങ്ങളുടെ വികസന പരിപാടികള്‍ക്കായി 50 കോടി രൂപ അനുവദിച്ചു. പട്ടികജാതി വിഭാഗത്തിലെ യുവാക്കള്‍ക്ക് പരിശീലനം, തൊഴില്‍, മാനവശേഷി വികസനം എന്നിവയ്ക്കായി 49 കോടി രൂപ വകയിരുത്തി. പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 735.86 കോടി രൂപ വകയിരുത്തി. മുന്‍വര്‍ഷത്തെക്കാള്‍ 57.28 കോടി രൂപ അധികമാണിത്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ കൂടുതല്‍ ആദിവാസി കുടുംബങ്ങള്‍ക്ക് അംഗത്വം നല്‍കുന്നതിനായി പട്ടികവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള വയനാട്, പാലക്കാട്, ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും എംജിഎന്‍ആര്‍ഇജിഎ മിഷനും ചേര്‍ന്ന് സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ഈ പദ്ധതിയ്ക്കായി 35 കോടി രൂപ വകയിരുത്തി. വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കും. 50 കോടി രൂപ ചെലവില്‍ അഭ്യസ്തവിദ്യരായ വീട്ടമ്മമാരുള്‍പ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാന്‍ കഴിയുന്ന ഐ.ടി അധിഷ്ഠിത സൗകര്യങ്ങളുള്ള ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി നടപ്പിലാക്കും. കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന് നടപ്പിലാക്കും. കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും 100 കോടി രൂപ ചെലവില്‍ 10 മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കും. രണ്ടാം കുട്ടനാട് പാക്കേജിനായി 140 കോടി രൂപ കെ.എസ്.ഐ.ഡി.സിയുടെ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയുടെ കീഴില്‍ 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും 2 കോടി രൂപ സാമ്പത്തിക സഹായം നല്‍കും. ഐ.ടി മേഖലയ്ക്ക് 559 കോടി രൂപ നീക്കിവെച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം 2000 വൈ-ഫൈ ഹോട്ട് സ്പോട്ടുകള്‍ നടപ്പിലാക്കും. സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സര്‍ക്കാര്‍ വകുപ്പുകളിലെ വാങ്ങലുകളില്‍ മുന്‍ഗണന. ഇതിനായി വെബ് പോര്‍ട്ടല്‍ ആരംഭിക്കും. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകളും പട്ടിക വിഭാഗങ്ങളില്‍പ്പെട്ടവരും മത്സ്യ തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ വാതില്‍പ്പടി റേഷന്‍ കടയും ലഭ്യമാക്കും. കിഫ്ബി വഴി 2134.5 കോടി രൂപയുടെ ട്വിന്‍ ടണല്‍ പദ്ധതിയ്ക്കും തലപ്പാടി-കാരോട് ദേശീയപാതയുടെ സ്ഥലമേറ്റെടുക്കലിനുമായി 6769 കോടി രൂപയും അനുവദിച്ചു. ചെറുകിട ഇടത്തരം സംരംഭകരുടെ ബില്‍ ഡിസ്കൗണ്ട് പദ്ധതിയ്ക്കായി 1000 കോടി നല്‍കും. കെഎഫ്സി വഴി എംഎസ്എംഇ പ്രവര്‍ത്തന മൂലധന വായ്പയ്ക്കായി 500 കോടി അനുവദിച്ചു. കാര്‍ഷിക വ്യവസായങ്ങള്‍ക്ക് 5 ശതമാനം പലിശ നിരക്കില്‍ കെഎഫ്സി വഴി 10 കോടി രൂപയുടെ വായ്പ നല്‍കും. ജി.എസ്.ടി ഇന്‍വോയിസുകള്‍ അപ് ലോഡ് ചെയ്യുന്നവരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനായി ലക്കി ബില്‍ സ്കീമും നടപ്പിലാക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തി.