നീലേശ്വരം : മാറ്റത്തിന്റെ ഉണര്‍ത്തു പാട്ടുമായി പെണ്കാലത്തിന്റെ കരുത്ത് തെളിയിച്ച് സ്ത്രീശക്തി കലാജാഥ. സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പര്യടനം നടത്തുന്ന കലാജാഥയ്ക്ക് നഗരസഭാ കുടുംബശ്രീ സി ഡി. എസിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം കോവിലകം വളപ്പില്‍ ഉജ്ജ്വല സ്വീകരണം.
പെണ്‍കാലം, അത് ഞാന്‍ തന്നെയാണ് എന്നീ നാടകങ്ങളും ഒരു സംഗീതശില്‍പവുമാണ് ജാഥാംഗങ്ങള്‍ അവതരിപ്പിച്ചത്. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കലാപമുണര്ത്തുന്ന കലാവിരുന്ന് ആസ്വദിക്കാനെത്തിയ സ്ത്രീപങ്കാളിത്തം ശ്രദ്ധേയമായി.
സി.ഡി.എസ് ഓഫീസ് പരിസരത്തു നിന്ന് ജാഥാംഗങ്ങളെ വേദിയിലേക്ക് ശിങ്കാരിമേളത്തോടെ ആനയിച്ചു. ജാഥാസ്വീകരണച്ചടങ്ങ് നഗരസഭാചെയര്പേഴ്സണ് ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയര്മാന് പി. പി മുഹമ്മദ് റാഫി , സ്ഥിരം സമിതി അധ്യക്ഷരായ പി സുഭാഷ്, ടിപി ലത, ദാക്ഷായണി കുഞ്ഞിക്കണ്ണന് എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരും സി.ഡി. എസ് അംഗങ്ങളും പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പ്രകാശന് പാലായി മാനേജരും നിഷാ മാത്യു ലീഡറും ഉദയന്‍ കുണ്ടംകുഴി പരിശീലകനുമായുള്ള ജാഥ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് പള്ളിക്കര ബീച്ചില്‍ നിന്നാണ് പ്രയാണം ആരംഭിച്ചത്. സമാപന ദിവസമായ ഇന്ന് (ബുധനാഴ്ച) ആദ്യ സ്വീകരണകേന്ദ്രമായിരുന്നു നീലേശ്വരം .