CLOSE

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ തീ പിടിത്തം ; രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ അവതരിപ്പിച്ച് മോക്ഡ്രില്‍

Share

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൈകിട്ട് 3 മണിയോടെ ആളുകള്‍ പരിഭ്രാന്തരായി. ഹോണുകള്‍ മുഴക്കി വരുന്ന ഫയര്‍ എഞ്ചിനുകള്‍ പുറകെ ആംബുലന്‍സുകളും പോലീസ് ജീപ്പുകളും. നിരവധി ആവിശ്യങ്ങള്‍ക്കായി മിനി സിവില്‍ സ്റ്റേഷനിലെത്തിയവരും പരിസരത്തുണ്ടായിരുന്നവരും ഒന്നമ്പരന്നു. സിവില്‍ സ്റ്റേഷനില്‍ നിന്നുയരുന്ന പുകയും അപകടത്തില്‍പ്പെട്ടവരെ സ്ട്രക്ച്ചറില്‍ കിടത്തി ആബുലന്‍സില്‍ ഓരോരുത്തരെയായി ആശുപത്രികളിലേക്ക് കൊണ്ട് പോകുന്നു. ദുരന്ത നിവാരണ വിഭാഗം നടത്തിയ മോക്ഡ്രില്‍ ആണെന്നറിഞ്ഞപ്പോള്‍ എല്ലാവരുടെയും ഭയം ആശ്വാസത്തിന് വഴിമാറി.
തീപിടുത്തം ഉണ്ടായാല്‍ എങ്ങനെ നേരിടാം എന്ന അവബോധം സൃഷ്ടിക്കുന്നതിനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രില്‍ സംഘടിപ്പിച്ചത്. രണ്ട് ദിവസം മുന്‍പേ തന്നെ സിവില്‍ സ്റ്റേഷനിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി 6 ടീമുകള്‍ രൂപീകരിച്ച് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേനയുടെ നേതൃത്വത്തില്‍ ടീമുകള്‍ക്കാവശ്യമായ പരിശീലനം നല്‍കിയിരുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മൂന്ന് മണിയോടുകൂടി തീപിടുത്തമുണ്ടായതായി അലാറാം മുഴങ്ങുകയും ജീവനക്കാര്‍ വരിയായി സിവില്‍ സ്റ്റേഷനു മുന്നിലെ അസംബ്ലി പോയിന്റിലേക്ക് മാറുകയും ചെയ്തു. തീപിടിത്തത്തില്‍ അകപ്പെട്ട നാല് പേരെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
തീയണയ്ക്കാനും ആള്‍ക്കാരെ ഒഴിപ്പിക്കാനും ഉള്‍പ്പെടെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂവും പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനം 20 മിനിറ്റോളം നീണ്ടു. കാഞ്ഞങ്ങാട് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ പി വി പവിത്രന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങള്‍ , സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍, ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ ന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം, ആര്‍എംഒ ഡോ ശ്രീജിത്ത് മോഹന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം എന്നിവര്‍ മോക്ഡ്രില്ലില്‍ പങ്കാളികളായി.

ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ തീപിടിത്തം സംബന്ധിച്ച് മോക്ഡ്രില്‍ നടത്താനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചത്. സബ്ബ് കലക്ടര്‍ ഡി ആര്‍ മേഘശ്രീ മോക്ഡ്രില്ലില്‍ പങ്കെടുത്തവരെ അഭിനന്ദിച്ചു.ഡെപ്യൂട്ടി ഡിഎംഒ ഡോ എ ടി മനോജ്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ്, ഭൂരേഖാ തഹസില്‍ദാര്‍ എന്‍ അന്‍സാര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം എസ് ലെജിന്‍ , കളക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എസ് സജീവ് , ഹസാര്‍ഡ് അനലിസ്റ്റ് പ്രേം. ജി . പ്രകാശ് , എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.