CLOSE

നിയന്ത്രണം വിട്ട കാര്‍ കടവരാന്തയിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു

Share

ഉദുമ: അര്‍ധരാത്രിയില്‍ നിയന്ത്രണം വിട്ട കാര്‍ കടവരാന്തയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോട്ടിക്കുളം തെക്കോത്ത് വളപ്പ് കൃഷ്ണമഠത്തിന് സമീപത്തെ ശശിയുടേയും ചിത്രയുടേയും മകന്‍ വിഷ്ണു പ്രസാദാണ്(20) മരിച്ചത്. സുഹൃത്തുക്കളായ നിധിന്‍ (16), ശ്രീലാല്‍ (16) എന്നിവരാണ്
ചികിത്സയിലുള്ളത്. ഇവരില്‍ ശ്രീലാല്‍ മംഗ്ലുരിവിലെ സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കാസര്‍കോട് ചികിത്സയിലുള്ള നിധിന്‍ അപകടനില തരണം ചെയ്തു.

കോട്ടിക്കുളത്ത് സംസ്ഥാന പാതയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ദാരുണമായ സംഭവം. സമീപത്തെ കച്ചില്ലം തറവാട്ടില്‍ വ്യാഴാഴ്ച നടക്കുന്ന കളിയാട്ടത്തിന് മുന്നോടിയായി ബുധനാഴ്ച രാത്രി കുളിച്ചുതോറ്റം ഉണ്ടായിരുന്നു. ഇതിന് ശേഷം വിഷ്ണുവും കൂട്ടുകാരും പാതയോരത്തെ കടവരാന്തയില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവര്‍ ഇരുന്നിരുന്ന വരാന്ത സംസ്ഥാന പാതയുടെ ഓവുചാലും കടയുടെ ചവിട്ടുപടിയും കഴിഞ്ഞുള്ള സ്ഥലമായിരുന്നു. ഇവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു.

ഇതേ തെയ്യം കെട്ടില്‍ പങ്കെടുക്കാനെത്തിയവരെ കീഴൂരില്‍ കൊണ്ടുവിട്ട് ശേഷം കോട്ടിക്കുളത്തേക്ക് തിരിച്ചുവരികയായിരുന്ന കാറാണ് പാഞ്ഞുകയറിയത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് സൂചിപ്പിച്ചു. പ്ലസ്ടു കഴിഞ്ഞ ശേഷം വീടിനോട് ചേര്‍ന്നുള്ള ഹോട്ടലില്‍ ജോലി ചെയ്യുകയാണ് വിഷ്ണു. സഹോദരി: വിഷ്ണു പ്രിയ (വിദ്യാര്‍ഥിനി) കാറിന്റെ ഡ്രൈവര്‍ സന്തോഷിനെതിരെ കരുതി കൂട്ടിയല്ലാത്ത നരഹത്യയ്ക്ക് ബേക്കല്‍ പോലീസ് കേസ് എടുത്തു.

Leave a Reply

Your email address will not be published.