പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടിലെ തിരുമുറ്റം അപൂര്‍വമായൊരു സമര്‍പ്പണ പുണ്യത്തിന് കഴിഞ്ഞ ദിവസം വേദിയായി. പന്തളം സ്വദേശിയും ഇപ്പോള്‍ എറണാകുളം വിജിലന്‍സ് എസ്.ഐ.യുമായ സാലിഹ് ബഷീര്‍ കൂട്ടുകാരോടൊപ്പം പാലക്കുന്ന് ദേവിക്ക് മുന്പില് തുലാഭാരം അര്‍പ്പിക്കാനെത്തിയത് നേരത്തേ തന്നെ ഭാരവാഹികളോട് സമ്മതവും സമയവും ഉറപ്പിച്ചാണ്. ‘അടിച്ചുതളി സമാരാധന’ ദിവസം രാവിലെ അവര്‍ ഇവിടെ എത്തി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ സാലിഹ് ബഷീറിന് സംസാരിക്കുമ്പോള്‍ ശബ്ദം വരാത്ത അവസ്ഥയില്‍ എറണാകുളത്തെ ആശുപത്രിയില്‍ തീവ്രപരിചരണ ചികിത്സയിലായിരുന്നു ഏറെ നാള്. ഫോണില്‍ സംസാരിക്കാനാവാതെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്സ്ആപ് സന്ദേശങ്ങള്‍ കൈമാറി. അതില്‍ കാസര്‍കോട്ടെ സുഹൃത്തുക്കളാണ് രോഗ മുക്തിക്കായി പാലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ബഷീറിന്റെ സമ്മതത്തോടെ തുലാഭാര നേര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ബഷീറിന്റെ മാതാവ് നസീദ അമ്മാള്‍ ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്കൂളില്‍ അധ്യാപികയായി നേരത്തേ ജോലി ചെയ്തിരുന്നു. പ്രൈമറി വരെ ബഷീര്‍ പഠിച്ചതും ഇവിടെ തന്നെ. നല്ലൊരു ഗായകന് കൂടിയായ ബഷീര്‍ മുമ്പൊരിക്കല്‍ പാലക്കുന്ന് ഉത്സവാഘോഷ പരിപാടിയില്‍ ‘ഹരിവരാസനം’ പാടി കയ്യടി നേടിയിരുന്നു. കോവിഡ് മുക്തനായ ഉടനെ ബഷീറും ചങ്ങാതിക്കൂട്ടവും പ്രാര്‍ഥന നടത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ച ദിവസം പാലക്കുന്നിലെത്തി. ഇളനീരിലാണ് തുലാഭാര സമര്‍പ്പണം നടത്തിയത്. ശബ്ദ ശേഷി തിരിച്ചുകിട്ടിയതിന് തിരുമുറ്റത്ത് ദേവിയെ വന്ദിച്ചു കൊണ്ട് ഗാനം ആലപിക്കണമെന്ന ബഷീറിന്റെ ആഗ്രഹവും കൂട്ടുകാര്‍ ഗൗരവമായെടുത്തിരുന്നു. പാലക്കുന്നമ്മയെ സ്തുതിച്ച് പ്രഭാകരന് പരിയാരത്തിനെക്കൊണ്ട് അവര്‍ ഗാനം എഴുതിപ്പിച്ചു. സജിത്ത് ശങ്കര്‍ പാലക്കാടും രഞ്ജിത്ത് രാജനും ചേര്‍ന്ന് സംഗീതമൊരുക്കി. ജാന്‍സി ബാബു ക്യാമറമാനായി. കോറസ് പാടാന്‍ കുട്ടികളുമെത്തി. തുലാഭാരത്തിന് സമയമാകും വരെ അമ്മയെ തൊഴുതു വണങ്ങി ബഷീറിന്റെ പാട്ടു കച്ചേരിയും റിക്കാര്‍ഡിങ്ങും നടന്നു. ക്ഷേത്രത്തിലെ അടിച്ചുതളി നേര്‍ച്ചയ്ക്കു ശേഷം കൂട്ടുകാരോടൊപ്പം അഗ്രശാലയിലിരുന്ന് അന്നപ്രസാദവും (ഉച്ചസദ്യ) കഴിച്ചാണ് ബഷീര്‍ എറണാകുളത്തേക്ക് മടങ്ങിയത്. പടിഞ്ഞാറ്റയ്ക്ക് മുന്നില്‍ തുലാഭാര സമര്‍പ്പണത്തിന് ആര്‍ക്കും വിലക്ക് കല്പിക്കാത്ത വടക്കേ മലബാറിലെ പ്രമുഖ തീയ്യ കഴകമാണ് പാലക്കുന്ന്.